കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മകൻ അറസ്റ്റിൽ

തൃപ്പൂണിത്തുറ : എരൂരിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്ന മകൻ അറസ്റ്റിൽ. 75 വയസ്സുള്ള ഷൺമുഖനെ ഉപേക്ഷിച്ച് കടന്നതിന് മകൻ അജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി 308ാം വകുപ്പ് പ്രകാരമാണ് അജിത്തിനെതിരെ കേസെടുത്തത്. സംഭവത്തിൽ അജിത്തിനെതിരെ പൊലീസും മനുഷ്യാവകാശ കമീഷനും കേസെടുത്തിരുന്നു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമപ്രകാരമായിരുന്നു ആദ്യം കേസ് എടുത്തത്.
കഴിഞ്ഞ വെള്ളി രാത്രിയാണ് ഷൺമുഖനെ ഉപേക്ഷിച്ച് മകനും കുടുംബവും പോയതായി പരിസരവാസികൾ മനസ്സിലാക്കിയത്. ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. ഒരു ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെയും പ്രാഥമിക കർമങ്ങൾ നിർവഹിക്കാനാകാതെയും ഷൺമുഖൻ വീട്ടിൽ കഴിയുകയായിരുന്നു. വീട്ടിൽനിന്ന് സാധനങ്ങളെല്ലാം മാറ്റിയിരുന്നു.
നെടുങ്കണ്ടം സ്വദേശിയായ അജിത് ഡ്രൈവറാണ്. ഒരുവർഷമായി എരൂരിലെ വാടകവീട്ടിൽ താമസിക്കുകയായിരുന്നു. മൂന്നുമാസമായി വാടക നൽകിയിരുന്നില്ല. വീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരുന്നു. അജിത്തിനെ കൂടാതെ ഷൺമുഖന് രണ്ട് പെൺമക്കൾ കൂടിയുണ്ട്. അച്ഛന്റെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് മക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അച്ഛനെ കാണാൻ സമ്മതിക്കുന്നില്ലെന്ന് പെൺമക്കൾ പൊലീസിൽ പരാതിയും ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസും ഫയൽ ചെയ്‌തിരുന്നു. നിരന്തരം പ്രശ്‌നങ്ങൾ നടക്കുന്നതിനാൽ പൊലീസ് പലതവണ അജിത്തിനെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നു.