കതിരൂർ ബാങ്ക്–ഐ.വി ദാസ് പുരസ്‌കാരം മനോഹരൻ മോറായിക്കും ഡോ. അരുൺകുമാറിനും

തലശേരി: കതിരൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഐ.വി ദാസ് പുരസ്‌കാരം ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായിക്കും റിപ്പാർട്ടർ ടിവി കൺസൾട്ടിങ്ങ് എഡിറ്റർ ഡോ അരുൺകുമാറിനും. കാരായിരാജൻ ചെയർമാനായ വി. വി.കെ സ്‌മാരക സമിതിയാണ് 2022, 2023 വർഷങ്ങളിലെ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 25,000 രൂപയും പൊന്ന്യംചന്ദ്രൻ രൂപകൽപന ചെയ്‌ത ശിൽപവും അടങ്ങുന്ന പുരസ്‌കാരം ജൂലൈ അവസാന വാരം കതിരൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദേശാഭിമാനി കൊച്ചി യൂണിറ്റിൽ 1987ൽ സബ്‌എഡിറ്ററായി ജോലിയിൽ പ്രവേശിച്ച മനോഹരൻ മോറായി കണ്ണൂർ മുണ്ടയാട് ജേർണലിസ്‌റ്റ് നഗറിലാണ് താമസം. ദേശാഭിമാനി കണ്ണൂർ യൂണിറ്റിൽ ബ്യൂറോചീഫും ന്യൂസ് എഡിറ്ററുമായിരുന്നു. തിരുവനന്തപുരം, കോഴിക്കോട് യൂണിറ്റുകളിലും ജോലിചെയ്‌തു. സെൻട്രൽ ഡസ്‌ക്, എഡിറ്റ്‌പേജ്, തൊഴിൽപതിപ്പ്, ഫീച്ചർ ഡെസ്‌ക് എന്നിവയുടെ ചുമതല വഹിച്ചു. മികച്ച എഡിറ്റോറിയലിനുള്ളള കേരള മീഡിയ അക്കാഡമി പുരസ്‌കാരം (2020) നേടിയ മനോഹരൻ കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. തിരുവനന്തപുരം വൈദ്യുതി ഭവനിലെ സുപ്രണ്ട് സി അജിതയാണ് ഭാര്യ. മകൻ: അക്ഷയ് മനു(വിദ്യാർഥി).
2023ലെ പുരസ്‌കാര ജേതാവായ ഡോ അരുൺകുമാർ കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണ്. ദൃശ്യമാധ്യമരംഗത്ത് പുരോഗമന നിലപാട് ഉയർത്തിപിടിച്ച മാധ്യമപ്രവർത്തകനാണ്. ദൂരദർശൻ, കൈരളി, ഏഷ്യാനെറ്റ്, മീഡിയവൺ, 24 ന്യുസ് തുടങ്ങിയ ചാനലുകളിൽ രണ്ടരപതിറ്റാണ്ടുകാലത്തെ മാധ്യമപ്രവർത്തനം. മികച്ച അഭിമുഖം, മികച്ച വാർത്താപരിപാടി എന്നിവക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചു. റിപ്പോർട്ടർ ചാനലിലെ കോഫി വിത്ത് അരുൺ ഉൾപ്പെടെയുള്ള വാർത്താധിഷ്‌ഠിത പരിപാടികളുടെ അവതാരകനാണ്. ഭാര്യ: കെ. രമ്യ. വാർത്താസമ്മേളനത്തിൽ കാരായിരാജൻ, പൊന്ന്യംചന്ദ്രൻ, ശ്രീജിത്ത് ചോയൻ, അഡ്വ കെ. കെ രമേഷ്, ഡോ കെ. കെ കുമാരൻ, പി. സുരേഷ്‌ബാബു എന്നിവർ പങ്കെടുത്തു.