കണ്ണൂരിൽ തലക്കടിച്ച് കവർച്ച; ആറംഗ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ

കണ്ണൂർ: യുവാവിനെ തടഞ്ഞു നിർത്തി ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് സ്വർണ്ണമാലയും മൊബെൽ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ആറംഗ സംഘത്തിലെ രണ്ടു പേർ പിടിയിൽ. തമിഴ്നാട് കള്ളക്കുറുശി സ്വദേശി വിനോദ് (28), തൂത്തുകുടി സ്വദേശി ആണ്ടവൻ (21) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെ പഴയ ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം.
കണ്ണൂർ സൗത്ത് ബസാർ മൊട്ടമ്മലിലെ കെ. മനോജിനെ (41) യാണ് ആറംഗ സംഘം ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ചത്.കഴുത്തിൽ നിന്നും പ്രതികൾ മാലപ്പൊട്ടിച്ചെടുക്കുകയും ചെയ്തു. പിടിവലിയിൽ മാല തിരിച്ചുപിടിക്കുകയും തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ സംഘത്തിലെ രണ്ടു പേരെ പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.