അംഗൻവാടിയിൽ ചൂട് പാൽ നൽകി കുട്ടിക്ക് പൊള്ളലേറ്റ സംഭവം: അധ്യാപികക്കും ഹെൽപ്പറിനും സസ്പെൻഷൻ

പിണറായില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികക്ക് സസ്‌പെന്‍ഷന്‍. അംഗന്‍വാടി അധ്യാപിക വി. രജിത, ഹെല്‍പ്പര്‍ വി ഷീബ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വീഴ്ച സംഭവിച്ചെന്നും പൊള്ളലേറ്റിട്ടിട്ടും മേലധികാരികളെ അറിയിക്കാത്തത് പിഴവാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിക്കാന്‍ അംഗന്‍വാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു.
ഈ മാസം ഏഴാം തിയതിയാണ് സംഭവം. മകന്റെ കീഴ്ത്താടിയില്‍ തൊലി പോകുന്നുണ്ടെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ അംഗന്‍വാടി ജീവനക്കാര്‍ വിളിച്ചു പറയുകയായിരുന്നു. കുട്ടിയുടെ വായും നാവും താടിയും മുഴുവനായി പൊള്ളലേറ്റ നിലയിലായിരുന്നു. കുട്ടിക്ക് പാല്‍ കൊടുത്തതാണെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്.
തിളച്ച പാല്‍ കൊടുത്ത ശേഷം തുണി കൊണ്ട് തുടച്ചു. തുടച്ചപ്പോള്‍ തൊലി മുഴുവന്‍ ഇളകി വന്നു. ആസ്പത്രിയില്‍ കൊണ്ടുപോകാനും തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് നടപടി.