കൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ചനിലയിൽ; മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍

കൊല്ലം: തീവണ്ടി തട്ടി യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കിളികൊല്ലൂര്‍ പാല്‍കുളങ്ങര തെങ്ങയ്യംഭാഗത്താണ് സംഭവം.
ഇരുവരുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയാണ്. ഇവര്‍ സുഹൃത്തുക്കളാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പാളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ മാറ്റുന്നതുവരെ പിന്നാലെ എത്തിയ കൊച്ചുവേളി-മൈസൂര്‍ എക്‌സ്പ്രസ് അരമണിക്കൂറോളം ട്രാക്കില്‍ പിടിച്ചിട്ടു. ഒരു യുവാവും യുവതിയും പാളത്തിനു കുറച്ചുമാറി ഇരിക്കുന്നതു കണ്ടതായി അതുവഴി പോയവര്‍ പറയുന്നു.
അവര്‍ ഇരുന്ന ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. പൂര്‍ണമായും നശിപ്പിച്ചനിലയിലായിരുന്ന ഫോണില്‍ സിം കാര്‍ഡ് ഇല്ലായിരുന്നെന്ന് പോലീസ് അറിയിച്ചു. കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു.