ഗൂഗിള്‍ മാപ്പ് നോക്കി തെറ്റായ വഴിയില്‍ ഓടിച്ച കാറിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്; യുവതി അറസ്റ്റില്‍

Share our post

ചെന്നൈ: ഗൂഗിള്‍ മാപ്പിട്ട് തെറ്റായ വഴിയില്‍ ഓടിച്ച കാര്‍ ഇടിച്ച് വീടിനുമുന്നില്‍ ഉറങ്ങുകയായിരുന്ന ഏഴുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി വൈശാലി പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അശോക് നഗറിനുസമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

മാരിയപ്പന്‍ എന്നയാളുടെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളില്‍ ചിലര്‍ വീടിനുള്ളില്‍ ഇടമില്ലാത്തതിനാല്‍ പുറത്ത് പായ വിരിച്ച് ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെയായപ്പോള്‍ അതിവേഗത്തില്‍ വന്ന കാര്‍ ഇവരുടെ ഇടയിലേക്കു ഇടിച്ചുകയറി.

നാലു സ്ത്രീകളുള്‍പ്പെടെ ഏഴു പേരും നിലവിളിച്ചു. ഉടന്‍ തന്നെ അവരെ ആംബുലന്‍സില്‍ റോയപ്പേട്ട സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിച്ചു. ഏഴു പേരുടെയും കാലുകളില്‍ ക്ഷതമേറ്റതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഗിണ്ടി ട്രാഫിക് പോലീസ് വൈശാലിയെ അറസ്റ്റ് ചെയ്തു.

ചെന്നൈയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു വൈശാലിയെന്നും ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് തെറ്റായ റൂട്ടിലൂടെ യാത്ര ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്നും പോലിസ് അറിയിച്ചു. അശ്രദ്ധമായി വാഹനമോടിക്കല്‍, അതിവേഗം ഉള്‍പ്പെടെ മൂന്നു വകുപ്പുകളിലാണ് വൈശാലിക്കെതിരേ കേസെടുത്തിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!