പേരാവൂരിൽ കുഴൽക്കിണറുകൾ മൂലം വീട്ടുകിണറുകൾ വറ്റി; കളക്ടർക്ക് പരാതിയുമായി കുടുംബങ്ങൾ

പേരാവൂർ: അനധികൃത കുഴൽക്കിണറുകൾ കാരണം വീട്ടുകിണറുകൾ വറ്റിവരണ്ടതായും കുടിവെള്ളം പോലുമില്ലാതായതായും പരാതിപ്പെട്ട് പേരാവൂർ പാമ്പാളിയിലെ നിരവധി കുടുംബങ്ങൾ ജില്ലാ കളക്ടർക്കും പേരാവൂർ പഞ്ചായത്തിനും പരാതി നല്കി. പ്രദേശത്ത് വ്യാപകമായി കുഴൽക്കിണറുകൾ കുഴിക്കുന്നതായും ഇതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കിണർ കുഴിച്ചാൽ വെള്ളം ലഭിക്കുന്ന പ്രദേശത്ത് കുഴൽക്കിണറിന് അനുമതി നല്കരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കുഴൽക്കിണറുകളാണ് പ്രദേശത്ത് കുടിവെള്ള ക്ഷാമം ഉണ്ടാക്കിയതെന്നും ഇനി ഒരു കുഴൽക്കിണർ പോലും കുഴിക്കാൻ അനുമതി നല്കരുതെന്നും 60 ഓളം പേർ ഒപ്പിട്ട പരാതിയിൽ ആവശ്യപ്പെട്ടു.