സംഗീത നാടക അക്കാദമി ഇൻഷുറൻസ് :വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത്

കേരള സംഗീത നാടക അക്കാദമി അപകട-വൈദ്യ ഇൻഷുറൻസ് സംബന്ധിച്ച് ഒരു പത്രം നിരന്തരമായി നടത്തിവരുന്ന വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് കേരള സംഗീത നാടക അക്കാദമി വാർത്താകുറിപ്പിൽ പറഞ്ഞു.
2011ൽ രണ്ടു പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും ഒരു വൻകിട വ്യവസായിയുടെയും സ്‍പോൺസർഷിപ്പോടെ 642 അംഗങ്ങളുമായി ആരംഭിച്ച കലാകാര അപകട- വൈദ്യ ഇൻഷുറൻസിൽ നിന്ന് ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ഉടനെ സ്‌പോൺസർമാർ ഏകപ ക്ഷീയമായി പിന്മാറിയിരുന്നു. നിലച്ചുപോകുമായിരുന്ന ഇൻഷുറൻസ് പദ്ധതിയെ സംസ്ഥാന സർക്കാർ ആവശ്യമായ ഫണ്ട് നൽകി പിന്നീട് സംരക്ഷിക്കുകയായിരുന്നു.
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഒരു അക്കാദമിയും സർക്കാർ സഹായത്തോടെ ഇത്തരം ഒരു ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നില്ല. അപകടങ്ങൾക്ക് രണ്ടുലക്ഷം രൂപയും മെഡിക്കൽ ക്ലെയിമിന് ഒരുലക്ഷം രൂപയുമാണ് തുടക്കം മുതൽ കഴിഞ്ഞ വർഷംവരെ കവറേജായി ലഭിച്ചിരുന്നത്. ഈ വസ്തുത മറച്ചുവച്ചാണ് തൽപ്പരകക്ഷികൾ വ്യാജ പ്രചാരണം തുടരുന്നത്.
വേണ്ടത്ര പ്രചാരമില്ലാത്തതിനാലും കലാകാരന്മാർ പദ്ധതി ഉപയോഗപ്പെടുത്താത്തതിനാലും ക്ലെയിമിന്റെ ശതമാനം താരതമ്യേന കുറവായിരുന്നുവെന്നത് 2022 നവംബർ 17ന് ചുമതലയേറ്റെടുത്ത അക്കാദമിയുടെ ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെട്ടു. 2024 ഫെബ്രുവരി മൂന്നുമുതൽ പുതിയ കരാർ ഉണ്ടാക്കുമ്പോൾ അപകടങ്ങൾക്കെന്നതുപോലെ മെഡിക്കൽ ക്ലെയിമിനും രണ്ടു ലക്ഷം രൂപ ഏർപ്പെടുത്തി.
കലാകാരന്മാർക്ക് പൂർണമായും സൗജന്യമായി നൽകുന്ന പദ്ധതി നിലനിൽക്കുകയും കൂടുതൽ പേർക്ക് ആനുകൂല്യങ്ങൾ എത്തിക്കുകയും വേണം. ഈ പദ്ധതി നിലനിർത്താൻ അക്കാദമി നടത്തുന്ന ആത്മാർഥമായ പരിശ്രമങ്ങൾക്കൊപ്പം മുഴുവൻ കലാപ്രവർത്തകരും അണിനിരക്കണമെന്നും വ്യാജപ്രചാരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കേരള സംഗീത നാടക അക്കാദമി അഭ്യർഥിച്ചു.