കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം

കണ്ണൂർ:അതിരൂക്ഷമായ ചൂട് വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മരണത്തിന് കാരണം ആകാമെന്നും, ശ്രദ്ധ പുലർത്തണമെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫിസർ അറിയിച്ചു.
സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം. കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാൽ വെറ്ററിനറി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവു ചെയ്യാവൂ.
രാവിലെ 10ന് ശേഷം വൈകിട്ട് 4 വരെ മൃഗങ്ങളെ വെയിലത്ത് കെട്ടരുത്. തൊഴുത്തിൽ സദാസമയവും കുടിവെള്ളം ലഭ്യമാക്കണം. പോഷക സമ്പുഷ്ടമായ തീറ്റ നൽകണം. ധാതുലവണ മിശ്രിതം, വിറ്റമിൻ ടോണിക്കുകൾ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
തൊഴുത്തിൽ വായു സഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിൽ ഫാൻ സജ്ജീകരിക്കുന്നതും മേൽക്കൂരക്ക് മുകളിൽ ഓല വിരിക്കുന്നതും നല്ലതാണ്. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം.
അമിതമായ കിതപ്പ്, ശ്വാസ തടസ്സം, വിറയൽ തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്നും അറിയിപ്പിൽ പറഞ്ഞു.