50 മിനി വര്‍ക്ക്‌ഷോപ്പ് വാനുകള്‍ നിരത്തിലിറക്കാന്‍ കെ.എസ്.ആര്‍.ടി.സി 

Share our post

പാലക്കാട്: വലിയ ചെലവുവരുന്ന പഴഞ്ചൻ വര്‍ക്ക്‌ഷോപ്പ് വാനുകളുടെ സ്ഥാനത്ത് പ്രവർത്തനക്ഷമത കൂടിയതും ചെലവ് കുറഞ്ഞതുമായ മിനി വര്‍ക്ക്‌ഷോപ്പ് വാനുകൾ സ്വന്തമാക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനം. മൂന്നുവർഷം കൊണ്ട് 50 വാനുകളാണ് വാങ്ങുക.

ഡീസലിൽ ഓടുന്ന പുതിയ വാനുകൾ വാങ്ങുന്നതോടെ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നാണ് നിഗമനം. പഴയ ബസ്സുകളടക്കം രൂപമാറ്റം വരുത്തിയുണ്ടാക്കുന്ന വര്‍ക്ക്‌ഷോപ്പ് വാനുകളാണ് നിലവിൽ കെ.എസ്.ആർ.ടി.സി. ഉപയോഗിക്കുന്നത്.

ഒരുലിറ്റർ ഡീസലിന് പരമാവധി നാല് കിലോമീറ്റർവരെ മാത്രം മൈലേജുള്ള ഇത്തരം വണ്ടികളുപയോഗിച്ചുള്ള അറ്റകുറ്റപ്പണി കെ.എസ്.ആർ.ടി.സി.ക്ക് കനത്ത ബാധ്യതയാണ്. ഉദാഹരണത്തിന്, ഇത്തരം സർവീസ് വാനുകൾ പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലെത്തി തിരിച്ചെത്താൻ ഡീസലിനത്തിൽ മാത്രം 3,000 രൂപവരെ ചെലവ് വരും.

വാനുകൾ ലഭ്യമല്ലാത്തിടത്ത് സർവീസ് ബസുകളിലെത്തി മെക്കാനിക്കുകൾ അറ്റകുറ്റപ്പണി നടത്തേണ്ടി വരുമ്പോഴുണ്ടാകുന്ന സമയനഷ്‌ടം വേറെയും. ഡ്രൈവർക്കും രണ്ട് മെക്കാനിക്കുകൾക്കും സഞ്ചരിക്കാവുന്ന കാബിനും പണിയുപകരണങ്ങൾ സൂക്ഷിക്കാവുന്ന അടച്ചുറപ്പുള്ള കാരിയറും അടങ്ങുന്ന വാഹനമാണ് വാങ്ങുന്നത്.

മികച്ച മൈലേജും മലമ്പ്രദേശങ്ങളിലെ ദുർഘട പാതകളിലടക്കം 1,500 കിലോ ഭാരവുമായി അതിവേഗമെത്താൻ ശേഷിയുള്ളവയായിരിക്കും ഇവ. അന്തസ്സംസ്ഥാന റൂട്ടുകളോടുചേർന്ന ഡിപ്പോകളിലാവും ഇവ കൂടുതലായി വിന്യസിക്കുക. സ്വിഫ്റ്റ് ബസുകൾക്കും ഈ സേവനം ഉപയോഗപ്പെടുത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!