കേരളം ​ക്ലീനാക്കി, കീശയിൽ 17.65 കോടി ; മാലിന്യമുക്തം നവകേരളം ലക്ഷ്യത്തിലേക്ക്

Share our post

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് രൂപീകരിച്ച ക്ലീൻ കേരള കമ്പനി നാലുവർഷത്തിനിടെ ഹരിതകർമസേനയ്ക്ക് നൽകിയത് 17.65 കോടി രൂപ. മാലിന്യ സംസ്കരണത്തിൽ കേരളം നടത്തിയ സമാനതകളില്ലാത്ത മുന്നേറ്റമാണ് ക്ലീൻ കേരളാ കമ്പനിയുടെ മാലിന്യ ശേഖരണ വർധനയിലൂടെ തെളിയുന്നത്.

ഈ കാലയളവിൽ ഹരിതകർമസേന 24,292 ടൺ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും 2265 ടൺ ഇ–- മാലിന്യവും ശേഖരിച്ചു. 901.44 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിച്ച് ഷ്രഡ് ചെയ്യുകയും (തരികളാക്കി) ഇത് പൊതുമരാമത്ത്, തദ്ദേശവകുപ്പുകളുടെ റോഡ് പ്രവൃത്തികൾക്കായി നൽകുകയും ചെയ്തു. ഷ്രഡഡ് പ്ലാസ്റ്റിക് ഉപയോ​ഗിച്ച് 5,680.14 കിലോമീറ്റർ റോഡാണ്‌ സംസ്ഥാനത്ത് ഇതുവരെ ടാർ ചെയ്തത്.

കഴിഞ്ഞ സാമ്പത്തിക വർഷംമാത്രം ഹരിതകർമസേന വഴി 12,448 ടൺ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഈ കാലയളവിൽ ഹരിതകർമസേനയ്ക്ക് 9.79 കോടി രൂപ ​ക്ലീൻ കേരള കമ്പനി നൽകി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇരട്ടി. കഴിഞ്ഞവർഷം സംസ്ഥാനത്ത്‌ പാഴ്വസ്തു ശേഖരണം 56 ശതമാനം വർധിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കിയ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിൻ ലക്ഷ്യം കാണുന്നതിന് തെളിവാണിത്‌.

ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന വേർതിരിച്ച മാലിന്യം ക്ലീൻ കേരള കമ്പനി തദ്ദേശസ്ഥാപനങ്ങളിലെ എം.സി.എഫുകളിൽ നിന്ന് ശേഖരിച്ച്, സംസ്കരിച്ച് വിൽക്കുന്നു. വരുമാനം മുപ്പത്തയ്യായിരത്തോളം വരുന്ന ഹരിതകർമസേനാം​ഗങ്ങൾക്ക് പ്രതിഫലമായി നൽകുന്നു. നിലവിൽ 720 തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യമാണ് കമ്പനി ശേഖരിക്കുന്നത്. പത്തനംതിട്ട കുന്നന്താനത്ത് റീസൈക്ലിങ് പ്ലാന്റും ഉദ്ഘാടനത്തിനൊരുങ്ങി. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമിക്കാനാവശ്യമായ പെല്ലെറ്റുകൾ നിർമിക്കുന്നതാണ് സ്ഥാപനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!