കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

മഞ്ചേരി : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. വാഹനത്തിൻ്റെ ആർ.സി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരം 35000 രൂപ പിഴ അടക്കാൻ നിർദേശം നൽകി.
പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനാണ് രക്ഷിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് എൻഫോസ്മെന്റ് വിഭാഗം നടപടി സ്വീകരിച്ചിരിച്ചത്. വാഹനത്തിൻറെ ആർ.സി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടിക്ക് പുറമേ വാഹന ഉടമയ്ക്ക് 5000 രൂപയും, വാഹനം ഓടിച്ച കുട്ടിക്ക് 5000 രൂപയും, വാഹനം നൽകിയ ആൾക്ക് 25000 രൂപയും ഫൈൻ മോട്ടോർ വാഹന വകുപ്പ് ചുമത്തി. കൂടാതെ പ്രോസിക്യൂഷൻ നടപടികൾക്ക് കൈമാറുന്ന കേസിൽ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും.
മഞ്ചേരി സ്വദേശിയായ 12 വയസ്സുകാരനാണ് വാഹനം ഓടിച്ചത്. കുട്ടിയുടെ പിതാവ് രണ്ടുമാസം മുൻപാണ് തൃശൂർ സ്വദേശിയിൽ നിന്ന് വാഹനം വാങ്ങിയത്. വാങ്ങിയശേഷം ഓണർഷിപ്പ് മാറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ വാഹനം ഇപ്പോൾ തൃശൂർ സ്വദേശിയുടേതാണ്. അതിനാൽ ഏറെ പണിപ്പെട്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാഹനം കണ്ടെത്തിയത്.