പമ്പയെ കൈക്കുമ്പിളിലെടുത്ത് യുവത; ത്രിവേണിയിലെ മാലിന്യം നീക്കി യൂത്ത് ബ്രിഗേഡ്

പമ്പ : ഡി.വൈ.എഫ്. ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ പമ്പയിലെ മാലിന്യം നീക്കി. പമ്പ ത്രിവേണി ഭാഗത്തെ മാലിന്യമാണ് അറുപതോളം വരുന്ന ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്.
മുന്‍ വര്‍ഷങ്ങളിലും യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ മാലിന്യം നീക്കുന്നതില്‍ ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിരുന്നു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്.
തുണികളടക്കമുള്ള മാലിന്യം പമ്പയ്ക്കുണ്ടാക്കുന്ന ദുരന്തം മാധ്യമങ്ങളും ജനശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. പരിസ്ഥിതിക്ക് മാത്രമല്ല മറ്റ് ജീവജാലങ്ങള്‍ക്കും ഇത്തരം മാലിന്യം ഏറെ അപകടകരമാകുന്ന സ്ഥിതിയാണ്. അത് കൂടുതല്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നതാണ് കാലും കൊക്കും തുണിയില്‍ കുരുങ്ങി പറക്കാന്‍ പോലുമാകാതെ പിടയുന്ന പക്ഷിയുടെ ചിത്രം.
അത് ജനശ്രദ്ധയില്‍ കൊണ്ടുവന്ന ഫോട്ടോഗ്രാഫര്‍മാരെയും ഡി.വൈ.എഫ്. ഐ അഭിനന്ദിക്കുന്നതായി ജില്ലാ സെക്രട്ടറി ബി നിസാം പറഞ്ഞു. വിവിധ ബ്ലോക്ക് കമ്മിറ്റികളിൽ നിന്നെത്തിയ യൂത്ത് ബ്രിഗേഡ് വളന്റിയർമാർ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.