കാറ്റിൽ മരങ്ങൾ പൊട്ടി വീണ് കോളയാട്ടും പെരുമ്പുന്നയിലും ഗതാഗതം തടസ്സപ്പെട്ടു

പേരാവൂർ: ഞായറാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിൽ മരങ്ങൾ പൊട്ടി വീണ് പേരാവൂർ – ഇരിട്ടി റോഡിലും നിടുമ്പൊയിൽ-തലശേരി റോഡിലും ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി റോഡിൽ പെരുമ്പുന്നക്ക് സമീപത്തും തലശേരി റോഡിൽ താഴെ കോളയാട് ടൗണിന് സമീപവുമാണ് മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടത്. വലിയ മുളങ്കാട് കടപുഴകി വീണാണ് കോളയാട്ട് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത്.
കൂത്തുപറമ്പിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും കണ്ണവം പോലീസും വനപാലകരും നാട്ടുകാരും ചേർന്നാണ് മുളകൾ നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചത്. പെരുമ്പുന്നക്ക് സമീപം മരം പൊട്ടിവീണ് തടസ്സപ്പെട്ട ഗതാഗതം പേരാവൂർ അഗ്നിരക്ഷാ സേനയെത്തി പുന:സ്ഥാപിച്ചു. മരം വീണ് വൈദ്യുതി തൂണൂകളും തകർന്നു.