Kannur
കണ്ണൂർ കള്ളനോട്ട് കേസ് ; പിടിയിലായ യുവതി മുഖ്യപ്രതി

കണ്ണൂർ: കാൾടെക്സിലെ ബാറിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ പിടിയിലായ യുവതി വടക്കെമലബാറിലെ കള്ളനോട്ടു സംഘത്തിന് നേതൃത്വം നൽകിയെന്ന സൂചന നൽകി പൊലീസ്. ഡ്രൈവിംഗ് സ്‌കൂളിന്റെ മറവിൽ ഇവർ വ്യാപകമായി കള്ളനോട്ടു വിതരണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
കാസർകോടും കർണാടകയിലും ഇവർക്ക് കള്ളനോട്ടു സംഘങ്ങളുമായി ബന്ധങ്ങളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ചപ്പാരപ്പടവ് പാടിയോട്ടുചാൽ സ്വദേശിനി പി.പി. ശോഭ (45)യെ കഴിഞ്ഞ ദിവസമാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. നേരത്തെ കേസിൽ പയ്യന്നൂർ സ്വദേശി ഷിജു (36)അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഷിജുവിന് ശോഭയാണ് കള്ളനോട്ട് നൽകിയതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച കണ്ണൂർ തെക്കീബസാറിലെ ബാറിൽ മദ്യപിച്ച ശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയതിനെ തുടർന്നാണ് പ്രവാസിയായ ഷിജു പിടിയിലായത്. 2,562 രൂപ ബിൽത്തുകയിൽ 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും 100 രൂപയും ബിൽ ഫോൾഡറിൽ വെച്ച് കടന്നുകളയുകയായിരുന്നു. ബാർ ജീവനക്കാരന്റെ പരാതിയിൽ സിസിടിവി അടക്കം പരിശോധിച്ചാണ് ഷിജുവിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 500 രൂപയുടെ അഞ്ച് കള്ളനോട്ടുകൾ കൂടി പൊലീസ് കണ്ടെത്തിയിരുന്നു.
മെക്കാനിക്കായ തനിക്ക് വർക്ക്‌ഷോപ്പിൽ നിന്നുകിട്ടിയ കൂലിയാണെന്ന് ആദ്യം ഇയാൾ പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് നൽകിയത് ശോഭയാണെന്ന് സമ്മതിച്ചത്. തുടർന്ന് ശോഭയുടെ പാടിയോട്ടുചാലിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 500 രൂപയുടെ കള്ളനോട്ടും നിരോധിച്ച 2,000, 1,000 രൂപയുടെ നോട്ടുകളും കണ്ടെടുത്തിരുന്നു.
കിടപ്പുമുറിയിലുണ്ടായിരുന്ന പ്രിന്ററും, ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു. ശോഭ കുറെനാളായി കുടുംബവുമായി പിണങ്ങി താമസിക്കുന്ന യുവതി കാസർകോട്ട് ഡ്രൈവിംഗ് സ്കൂൾ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. കാസർകോട്, മംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട് സംഘത്തിന്റെ താവളങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
Kannur
മികവോടെ മുന്നേറി കല്ല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി

കല്ല്യാശ്ശേരി: സിവിൽ സർവീസ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ യുവജനങ്ങൾക്ക് മിതമായ ഫീസ് നിരക്കിൽ തീവ്ര പരിശീലനം നൽകുന്ന, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്റെ കീഴിലുള്ള കേരള സിവിൽ സർവീസ് അക്കാദമി 14 സബ് സെന്ററുകളുമായി ജൈത്ര യാത്ര തുടരുകയാണ്. ഉത്തര മലബാറിലെ ആദ്യ സിവിൽ സർവീസ് അക്കാദമിയായത്കൊണ്ടുതന്നെ കല്യാശ്ശേരി കെ എസ് സി എസ് എ ക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ബിരുദധാരികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നതോടൊപ്പംതന്നെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് സിവിൽ സർവീസിനായി നേരത്തെ തയ്യാറെടുത്ത് ഗൈഡൻസ് ക്ലാസുകൾ നൽകാനും ഇവർ മുൻകൈ എടുക്കുന്നുണ്ട്. ഹൈസ്കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ, ടാലന്റ് ഡെവലപ്മെന്റ് കോഴ്സുകളിൽ എങ്ങനെ പത്രം വായിക്കണം, ഏത് രീതിയിൽ നോട്ട് തയ്യാറാക്കണം, എൻസിഇആർടി പുസ്തകങ്ങളിലെ മാനവിക വിഷയങ്ങൾ ഏത് രീതിയിൽ പഠിക്കണം തുടങ്ങിയവ ഉൾപ്പെടുന്നു. ബിരുദം പൂർത്തിയാക്കിയവർക്കുള്ള ഒരു വർഷ പ്രിലിംസ് കം മെയിൻസ് റെഗുലർ ബാച്ചുകൾ എല്ലാ വർഷവും ജൂണിലാണ് ആരംഭിക്കുന്നത്. ഈ കാലയളവിൽ നടത്തുന്ന 38 മാതൃകാ പരീക്ഷകളിലൂടെ വിദ്യാർഥികൾക്ക് അവരുടെ നിലവാരം വിലയിരുത്താൻ സാധിക്കുന്നു.
കോളേജ് വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കുമായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പിസിഎം വീക്കെൻഡ് കോഴ്സുമുണ്ട്. മലയാളം, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പൊതുഭരണം തുടങ്ങിയ ഐച്ഛിക വിഷയങ്ങൾക്കുള്ള പ്രത്യേക ക്ലാസുകളുമുണ്ട്. പ്രിലിംസ് പാസാകുന്ന വിദ്യാർഥികൾക്ക് സൗജന്യ മെയിൻസ് പരീക്ഷാ പരിശീലനവും മെയിൻസ് കടക്കുന്നവർക്ക് പേഴ്സണാലിറ്റി ടെസ്റ്റിനുള്ള പരിശീലനവും നൽകിവരുന്നു. ഉദ്യോഗാർഥികളുടെ ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും അക്കാദമി ഒരുക്കുന്നു. ലക്ഷ്യ സ്കോളർഷിപ്പ് പരീക്ഷ പാസായ എസ് സി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യവും ഇ ഗ്രാന്റ്സും ലഭിക്കും. മറ്റ് വിഭാഗക്കാർക്ക് അതാത് വകുപ്പുകളുടെ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കും. ലൈബ്രറി, വായനാമുറി, മെന്റർഷിപ്പ് പ്രോഗ്രാം, സിവിൽ സർവീസ് ഓഫീസേഴ്സുമായി ഇന്ററാക്ടീവ് സെഷൻ എന്നിവയും കല്ല്യാശ്ശേരി സിവിൽ സർവീസ് അക്കാദമിയുടെ പ്രത്യേകതകളാണ്. 2005 ൽ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കപ്പെട്ടതിന് ശേഷം വർഷംതോറും വിജയികളുടെ എണ്ണം കൂടി വരികയാണ്. 2024 ൽ ഇത് 54 ആയിരുന്നു. കഠിനാധ്വാനം ചെയ്യുവാൻ തയ്യാറുള്ള ഏതൊരു വ്യക്തിയ്ക്കും നേടിയെടുക്കുവാൻ കഴിയുന്ന ഒന്നായി ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ മാറിയ സാഹചര്യത്തിൽ കേരള സിവിൽ സർവീസ് അക്കാദമിയുടെ പ്രാധാന്യവും ദിനംപ്രതി കൂടുകയാണ്.
Kannur
നാല് കോടി രൂപയുടെ മരുന്നെത്തിയില്ല; പരിയാരത്ത് മരുന്നുക്ഷാമം

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷം. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ പലതും ഫാർമസിയിൽനിന്നു കിട്ടാനില്ലെന്നു പരാതി. ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള മരുന്ന്, ഗർഭിണികൾക്കുള്ള അയേൺ, കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കും മറ്റു ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകൾ തുടങ്ങിയ പലതും ലഭിക്കുന്നില്ല. മണിക്കൂറുകളോളം വരി നിന്ന് ഫാർമസി കൗണ്ടറിലെത്തുമ്പോഴാണ് മരുന്ന് ഇല്ലെന്നു അറിയുന്നത്. സർക്കാർ ഫാർമസിയിൽ മരുന്ന് ലഭിക്കാത്തതിനാൽ പുറമേനിന്നു മരുന്നു വാങ്ങാൻ വൻതുക ചെലവഴിക്കണം. ഇത് സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയാസമാണ്. അതിനാൽ സർക്കാർ ഫാർമസിയിൽ നിന്നും കിട്ടിയ മരുന്നുകൊണ്ടു തൃപ്തിപ്പെടുകയാണെന്നു പല രോഗികൾ പറയുന്നു. ആരോഗ്യ വകുപ്പ് അനുവദിച്ച മരുന്നിന്റെ നല്ലൊരു ശതമാനം പരിയാരം ഗവ. മെഡിക്കൽ കോളജിൽ ലഭിക്കാത്തതിനാലാണ് ഇപ്പോൾ മരുന്നു ക്ഷാമത്തിനു കാരണമായത്. പ്രതിവർഷം 15 കോടി രൂപയുടെ മരുന്നാണ് പരിയാരത്തേക്ക് അനുവദിച്ചത്. എന്നാൽ ഇതിൽ 11 കോടി രൂപയുടെ മരുന്നു മാത്രമാണ് ലഭിച്ചത്.
എ.സി വേണം മരുന്നിന്
മരുന്നു സൂക്ഷിക്കുന്ന സ്റ്റോറിലും സർക്കാർ ഫാർമസികളിലും എ.സി സംവിധാനം ഇല്ലാത്തതിനാൽ പല മരുന്നുകളും നശിക്കുകയാണെന്നും ഗുണനിലവാരത്തെ ബാധിക്കുകയാണെന്നും പരാതി. പരിയാരം ഗവ. മെഡിക്കൽ കോളജിൽ മരുന്നു സൂക്ഷിക്കുന്ന സ്റ്റോർ കെട്ടിടത്തിലും സർക്കാർ ഫാർമസികളിലും എ.സി സംവിധാനമില്ല. ഇതിനാൽ ചില ഗുളികകൾ പൊടിഞ്ഞു നശിക്കുന്നുണ്ട്.
Kannur
ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ ഒരു കോടിയിലധികം തട്ടിയെടുത്ത കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ഒരു കോടി എഴുപത്തിയാറായിരം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവും പഞ്ചായത്ത്മെമ്പറും ബാങ്ക് ജീവനക്കാരനുമായ യുവാവിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. നിലമ്പൂർ എടക്കര മുത്തേടം സ്വദേശി മദാനി ഹൗസിൽ നൗഫൽ മദാനിയെ (31) ആണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി കീർത്തി ബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐ മനോജ് കാനായി, എഎസ്ഐസതീഷ്, ഡ്രൈവർ ദിലീപ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. പയ്യന്നൂർ ഏഴിലോട് സ്വദേശി യുടെ പണമാണ് തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനായ പ്രതി
2024 മെയ് 29 മുതൽ ജൂലായ് ഒന്നുവരെയുള്ള കാലയളവിൽ പലതവണകളായി വിവിധ അക്കൗണ്ടുകൾ വഴി ഒരു കോടി എഴുപത്തി ആറായിരം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നിലമ്പൂർ എടക്കരയിലെത്തിയപ്പോൾ എടക്കര വാർഡ് മെമ്പർ കൂടിയായ പ്രതി ജോലിക്കിടെ എടക്കര അർബൻ ബാങ്കിൽ നിന്നും പിൻ വാതിലിലൂടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുറ്റിക്കാട് വച്ച് പോലീസ് പിന്തുടർന്നു പിടികൂടി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്