തമിഴ്‌നാടിന് ഒമ്പത് ലൈൻ, കേരളത്തിന് പൂജ്യം

തിരുവനന്തപുരം : തമിഴ്‌നാടിന് കഴിഞ്ഞ സാമ്പത്തിക വർഷം ഒമ്പത് പുതിയ റെയിൽവേ ലൈനുകൾക്കാണ് കേന്ദ്രം പണം അനുവദിച്ചത്. ഒമ്പത് ലൈനുകളുംകൂടി ചേർന്നാൽ 840.7 കിലോമീറ്റർ പുതിയ പാതയുണ്ടാകും. അതേസമയം, കേരളത്തിൽ ഒരുപുതിയ പാതപോലും അനുവദിച്ചില്ല.
കേരളത്തോടുള്ള കാലങ്ങളായുള്ള വിവേചനത്തിന് മറ്റൊരുദാഹരണമാണ് തിരുവനന്തപുരം സ്‌റ്റേഷനോടുള്ള റെയിൽവേയുടെ വിവേചനം. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽപ്പെടുന്ന, നാല് പ്ലാറ്റ്‌ഫോമുള്ള നാഗർകോവിൽ ജങ്‌ഷനിൽ നിന്ന് 27 ട്രെയിൻ പുറപ്പെടുമ്പോൾ ഡിവിഷൻ ആസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്നത് 30 ട്രെയിനും.
നാഗർകോവിൽ ടൗൺ സ്‌റ്റേഷനും നവീകരിക്കുകയാണ്. നിലവിലുള്ള പ്ലാറ്റ്‌ഫോമുകളുടെ എണ്ണം അഞ്ചാകും. കൂടുതൽ വരുമാനവും ആവശ്യക്കാരുമുള്ള തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന് ആ പരിഗണനയുണ്ടാകുന്നുമില്ല. സ്‌റ്റേഷൻ നവീകരണം പ്രഖ്യാപിച്ചെങ്കിലും കൂടുതൽ പ്ലാറ്റ്‌ഫോം സൗകര്യമുണ്ടാകില്ല. ദക്ഷിണ റെയിൽവേയുടെ കണക്ക് പ്രകാരം വരുമാനത്തിൽ നാലാംസ്ഥാനമാണ് തിരുവനന്തപുരം സ്‌റ്റേഷന്.
262 കോടിയാണ് വരുമാനം. ചെന്നൈ സെൻട്രൽ, എഗ്‌മൂർ, കോയമ്പത്തൂർ സ്‌റ്റേഷനുകളാണ് അതിനു മുമ്പിലുള്ളത്. എറണാകുളം ജങ്‌ഷന് 227 കോടിയും കോഴിക്കോട് റെയിൽവേസ്റ്റേഷന് 178 കോടിയും തൃശൂർ 155 കോടിയും എറണാകുളം ടൗണിന് 129 കോടിയും കണ്ണൂരിന് 113 കോടിയും ടിക്കറ്റ് വരുമാനമുണ്ട്. ട്രെയിനുകളുടെ എണ്ണം കുറവാണെങ്കിലും യാത്രക്കാരുടെ വർധനതന്നെയാണ് ഇതിനു കാരണം.
ദക്ഷിണ റെയിൽവേക്ക് അനുവദിച്ച എട്ട് ജോടി വന്ദേഭാരത് എക്‌സ്‌പ്രസുകളിൽ ഒന്നിനുപോലും കേരളത്തിലേതുപോലെ ആവശ്യക്കാരില്ല. ഉയർന്ന യാത്രക്കൂലി നൽകി കുറഞ്ഞ വേഗത്തിൽ പോകുന്ന വന്ദേഭാരത് എക്‌സ്‌പ്രസും കേരളത്തിൽമാത്രം.