പ്ലസ്‌ വൺ പ്രവേശനം: ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന

Share our post

കണ്ണൂർ : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. ഈ ജില്ലകളിലെ എല്ലാ എയ്‌ഡഡ് സ്‌കൂളുകളിലും 20 ശതമാനം സീറ്റും കൂട്ടും.

ആവശ്യപ്പെടുന്ന എയ്‌ഡഡ് സ്‌കൂളുകൾക്ക് ഇതിനു പുറമേ പത്ത് ശതമാനം സീറ്റുകൂടി കൂട്ടി നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ട‌ർക്ക് അനുമതി നൽകി. തൃശ്ശൂർ, എറണാകുളം, കൊല്ലം ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലും ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വർധന അനുവദിച്ചിട്ടുണ്ട്.

2022-2023 അധ്യയനവർഷം താത്കാലികമായി അനുവദിച്ച 77 ബാച്ചുകളും മാറ്റിയ നാലു ബാച്ചുകളും 2023-2024 അധ്യയനവർഷം താത്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം തുടരും. പ്ലസ് വൺ പ്രവേശനത്തിന് മേയ് 16 മുതൽ 25 വരെയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ട്രയൽ 29-നും ആദ്യ അലോട്‌മെൻ്റ് ജൂൺ അഞ്ചിനും നടക്കും.

എസ്.എസ്.എൽ.സി. പരീക്ഷയിൽ ഇത്തവണ 4,25,565 പേർ ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. വിജയശതമാനം 0.01 ശതമാനം കുറഞ്ഞെങ്കിലും ഉപരിപഠനത്തിന് യോഗ്യത നേടിയവരുടെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെയും എണ്ണം കൂടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!