കണ്ണൂർ: ജനങ്ങൾ ദാഹജലത്തിനായി കേഴുമ്പോൾ അനുമതിയില്ലാതെ കുഴൽക്കിണർ നിർമ്മാണം വ്യാപകം. കിണർ കുഴിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിയുടെ അനുമതി നിർബന്ധമാണെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതൊന്നും ബാധകമല്ലെന്ന തരത്തിലാണ് പലയിടത്തും കുഴൽക്കിണറുകൾ പെരുകുന്നത്. കുഴൽക്കിണറുകൾ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടതുമാണ്.
അശാസ്ത്രീയവും മുൻകരുതലുള്ളാതെയുമുള്ള ജലവിനിയോഗവും മഴക്കുറവും കാരണം ജലസ്രോതസുകൾ വറ്റിവരളുകയാണ്. വർഷം കഴിയുംതോറും ഭൂഗർഭ ജലം താഴുന്നതോടെ കണ്ണൂർ, കാസർകോട് ജില്ലകൾ കടുത്ത കുടിവെള്ളക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
കാസർകോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഴൽക്കിണറുകളും വെള്ളമില്ലാത്ത കിണറുകളുമുള്ളതെന്ന് പഠനങ്ങളിൽ വ്യക്തമായിരുന്നു. വൻദുരന്തമാണ് സമീപ ഭാവിയിൽ ജില്ല നേരിടാൻ പോകുന്നതെന്നും റിപ്പോർട്ട് പറയുന്നു. കേന്ദ്ര ഭൂജല ബോർഡിന്റെ കണക്ക് പ്രകാരം കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ജലശോഷണം ഉണ്ടായത്.
72.75 ശതമാനമാണ് കുറവ്. ഇടക്കാലത്ത് ജില്ലയിലെ അമിത ചൂഷണം നടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി കുഴൽക്കിണർ കുഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പിന്നീട് ഇതൊന്നും പാലിക്കപ്പെട്ടില്ല. കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനത്തെ കുഴൽക്കിണറുകളുടെ എണ്ണം പരിശോധിക്കാൻ ചുമതലപ്പെടുത്തിയെങ്കിലും അതും പ്രാവർത്തികമായില്ല.
വ്യവസ്ഥകളുണ്ട്… പക്ഷേ…
കിണർ കുഴിക്കുന്നതിന് 15 ദിവസം മുമ്പ് തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ടവരെ അറിയിച്ച് അനുമതി വാങ്ങണമെന്ന വ്യവസ്ഥ പലയിടത്തും അവഗണിക്കുകയാണ്. കഴിഞ്ഞവർഷം മുതൽ ഭൂജല അതോറിറ്റിയിൽ കുഴൽക്കിണർ കുഴിക്കുന്ന ഏജൻസികൾ രജിസ്റ്റർ ചെയ്യണമെന്ന നിയമം നിലവിൽ വന്നിട്ടുണ്ട്. അതുപ്രകാരം ജില്ലകളിലെ ഏജൻസികളും വ്യക്തികളും രജിസ്‌ട്രേഷൻ നടത്തുന്നുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രജിസ്ട്രേഷനില്ലാതെ ലോറികളിൽ ഡ്രില്ലറുകളുമായി എത്തി കിണർ കുഴിക്കുകയാണ്. രാത്രിയിലെത്തി രാവിലെ ആകുമ്പോഴേക്കും പണി പൂർത്തിയാക്കി അവർ മടങ്ങും. തമിഴ്നാട്ടിൽ നിന്നുള്ള സംഘങ്ങളാണ് കൂടുതലും.
ഭൂഗർഭ ജലം കുറയുന്നു
കേന്ദ്ര ഭൂജലബോർഡിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തെ ഭൂജല ശേഷിയിൽ 54.55 ശതമാനം ഉപയോഗിച്ച് തീർന്നിരിക്കുന്നു. ഭൂഗർഭ ജലം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അനധികൃതമായി നിർമ്മിക്കുന്ന കുഴൽക്കിണറുകളാണെന്ന് വ്യക്തമായിട്ടുണ്ട്. ഭാരത് സെൻസസ് വഴിയാണ് രാജ്യത്തെ പ്രകൃതി സമ്പത്തുകളായ കുളം, കിണർ, കാവ് തുടങ്ങിയവയുടെയെല്ലാം കണക്കുകൾ എടുക്കുന്നത്. 2011ലാണ് അവസാനമായി ഭാരത് സെൻസസ് നടത്തിയത്. പത്തുവർഷത്തിന് ശേഷം 2021ലായിരുന്നു അടുത്ത സെൻസസ് നടത്തേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് മൂലം നടത്തിയില്ല. അതിനാൽ നിലവിൽ കേരളത്തിൽ എത്ര കുഴൽക്കിണറുകൾ ഉണ്ടെന്നതിൽ കൃത്യമായ കണക്ക് ഭൂജല വകുപ്പിനില്ല.
പാഴാക്കി ജലം
കുളിക്കാനും അലക്കാനും ചെടിനനയ്ക്കാനും വാഹനം കഴുകാനുമൊക്ക ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഓരോ ദിവസവും ധൂർത്തടിക്കുന്നത്. ജല നിരക്ഷരതയ്‌ക്കൊപ്പം അശാസ്ത്രീയ ഉപയോഗവുമാണ് ഇത്രയേറെ ജലം പാഴാകാൻ കാരണം. ചെടികൾക്ക് തുള്ളിനന പരീക്ഷിക്കുകയും നിത്യവും വാഹനം കഴുകുന്നതിനുപകരം പൊടിതട്ടി വൃത്തിയാക്കുകയും ചെയ്താൽ തന്നെ എത്രയോ ലക്ഷം ലിറ്റർ നിത്യവും ലഭിക്കാനാകും.