കിടപ്പിലായ പിതാവിനെ മകന്‍ ഉപേക്ഷിച്ച സംഭവം; അടിയന്തര നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മന്ത്രി

കൊച്ചി: തൃപ്പൂണിത്തുറയില്‍ കിടപ്പിലായ പിതാവിനെ മകന്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു. സംഭവത്തെക്കുറിച്ചുള്ള മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
70 വയസ്സായ ഷണ്‍മുഖന്‍ എന്ന വയോധികനാണ് വീടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട് പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടായത്. രോഗിയായ പിതാവിനെ തനിച്ചാക്കി ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഷണ്‍മുഖന്റെ മകന്‍ അജിത്ത് വാടകവീട് ഒഴിഞ്ഞുവെന്നായിരുന്നു വാര്‍ത്ത.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം (എം.ഡബ്യു.പി.എസ്.സി. ആക്ട് 2007) മകനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറായ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഇതുകൂടാതെ, സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോടും എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസറോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം മനസ്സിനെ ഞെട്ടിക്കുന്നതാണെന്നും വയോധികന്റെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.