കണ്ണൂരിൽ ആസ്പത്രിയില്‍ നിന്ന് ഇറക്കിവിട്ട അതിഥി തൊഴിലാളി റോഡില്‍ മരിച്ചുവീണു

Share our post

കണ്ണൂര്‍: കൂട്ടിരിക്കാന്‍ ആരുമില്ലാത്ത അതിഥിതൊഴിലാളിക്ക് കണ്ണൂര്‍ ജില്ലാ ആസ്പത്രി പരിസരത്ത് ദാരുണാന്ത്യം. ജില്ലാ ആസ്പത്രിയില്‍ നിന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിയാണ് തൊട്ടടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചത്.

കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ ഇയാളെ അഗ്‌നിരക്ഷാസേന എത്തിയാണ് വെള്ളിയാഴ്ച രാവിലെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചത്. കാലിനുണ്ടായ പൊട്ടലിനെ തുടര്‍ന്ന് അവശനിലയിലായിരുന്ന അദ്ദേഹം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ജില്ലാ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച് വിദഗ്ധചികിത്സയ്ക്ക് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, ജില്ലാ ആസ്പത്രിയില്‍ ആംബുലന്‍സ് ഉണ്ടായിരുന്നില്ല. 108 ആംബുലന്‍സ് വിളിച്ചുവരുത്തിയെങ്കിലും കൂട്ടിരിപ്പുകാരില്ലാത്തത് കാരണം രോഗിയെ കയറ്റാന്‍ ഡ്രൈവര്‍ വിസമ്മതിച്ചു. അതോടെ ഗത്യന്തരമില്ലാതെ അതിഥിതൊഴിലാളി തിരിച്ച് ജില്ലാ ആസ്പത്രിയിലേക്ക് മടങ്ങിയെങ്കിലും സുരക്ഷാജീവനക്കാര്‍ തടഞ്ഞു.

മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തയാളെ അകത്തേക്ക് കടത്തിവിടാന്‍ സാധിക്കില്ലെന്ന് സുരക്ഷാജീവനക്കാരും പോലീസുകാരനും പറഞ്ഞു. ചക്രക്കസേരയില്‍നിന്ന് ഇയാളെ അവര്‍ നിര്‍ബന്ധപൂര്‍വം ഇറക്കിവിട്ടു. വൈകീട്ട് 4.30-ഓടെ ആശുപത്രിക്ക് പുറത്തിറങ്ങിനടന്ന തൊഴിലാളി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് പ്രതികരണം തേടി ജില്ലാ ആസ്പത്രി സൂപ്രണ്ടിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!