കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍ 

Share our post

മലപ്പുറം: 1.08 കോടി രൂപ തട്ടിയെടുത്ത ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർക്ക് സിംകാർഡ് എത്തിച്ചുകൊടുക്കുന്ന മുഖ്യ സൂത്രധാരൻ പിടിയിൽ. ഡൽഹി സ്വദേശി അബ്ദുദുൾ റോഷനെ (46) മലപ്പുറം സൈബർ ക്രൈം പോലീസ് കർണാടക മടിക്കേരിയിലെ വാടക ക്വർട്ടേഴ്‌സിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

1.08 കോടി നഷ്ടമായെന്ന വേങ്ങര സ്വദേശിയുടെ പരാതിയാണ് തട്ടിപ്പ് സംഘത്തിലേക്ക് വഴിതുറന്നതെന്ന് ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ പറഞ്ഞു. ഓൺലൈൻ വ്യാജ ഷെയർ മാർക്കറ്റ് വെബ്സൈറ്റിലൂടെ പണം തട്ടിയെടുത്ത സംഘത്തിന് സിം കാർഡുകൾ സംഘടിപ്പിച്ചു നൽകിയത് റോഷനാണ്. ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജൻ്റെ നേതൃത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വേങ്ങര സ്വദേശി ഫെയ്‌സ്ബുക്കിലാണ് വ്യാജ ഷെയർമാർക്കറ്റ് സൈറ്റിന്റെ ലിങ്ക് കണ്ടത്. ക്ലിക്ക് ചെയ്‌തപ്പോൾ വമ്പൻ ഓഫറുകൾ നൽകി വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ നിർബന്ധിച്ചു. ലാഭവിഹിതം നൽകാതെ കബളിപ്പിച്ച് പണം തട്ടിയതാണ് കേസിനാസ്‌പദമായ സംഭവം.

റോഷനിൽ നിന്ന് വിവിധ മൊബൈൽ കമ്പനികളുടെ നാൽപ്പതിനായിരത്തിലധികം സിംകാർഡുകൾ, നൂറ്റെൺപതിലധികം മൊബൈൽഫോണുകൾ, ആറ് ബയോമെട്രിക് സ്‌കാനർ എന്നിവയും പിടിച്ചെടുത്തു.

ഒരു മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ റോഷൻ ഒരു യുവതിയുടെ പേരിൽ വ്യാജമായി എടുത്ത സിംകാർഡ് ഉപയോഗിച്ചാണ് തട്ടിപ്പുനടത്തിയത്. സിം കാർഡ് എടുക്കാൻ ഷോപ്പിൽ എത്തുന്നവർ അറിയാതെ അവരുടെ പേരിൽ മറ്റു കമ്പനികളുടെയും സിമ്മുകൾ ഇയാൾ എടുക്കും. കാർഡുകൾ ആക്ട‌ീവായാൽ തട്ടിപ്പുകാർക്ക് കൈമാറും. വിവിധ സാമൂഹികമാധ്യമ, വാണിജ്യ പ്ലാറ്റ്ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ തുറക്കാൻ തട്ടിപ്പുകാർക്ക് ഒ.ടി.പി.കൾ കൈമാറുകയാണ് പ്രതിയുടെ രീതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!