മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടി കൊയിലാണ്ടി പോലീസ്

Share our post

കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. കോഴിക്കോട് കൂത്താളി ആയിഷ മനസിൽ അബ്ദുള്ള മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്.

വ്യാഴാഴ്ച നടുവിലെക്കണ്ടി ഗോൾഡ് എന്ന സ്ഥാപനത്തിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. കൊയിലാണ്ടി പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് സി.ഐ. മെൽവിൻ ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ. പ്രദീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, ദിലീപ്, സിനു രാജ്, ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

കാട്ടിലെപീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് ടൗണിലെ അഞ്ച് സ്ഥാപനങ്ങളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി ചോദ്യം ചെയ്യലിനിടെ പ്രതികൾ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു. ലക്ഷങ്ങളുടെ ഇടപാടാണ് ഇവർ നടത്തുന്നത്. ഇതിന്റെ പിന്നിൽ വലിയ സംഘങ്ങൾ ഉള്ളതായും ചോദ്യം ചെയ്യലിൽ വ്യക്തമാകുന്നതായും പോലീസ് പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!