നിങ്ങളുടെ പേരിൽ എത്ര സിം കാർഡ് നിലവിലുണ്ട്, വ്യാജ സിം ആരെങ്കിലും എടുത്തിട്ടുണ്ടോ? പരിശോധിക്കേണ്ട വിധം

നാം നമ്മുടെ സ്വന്തം ഐഡി ഉപയോഗിച്ച് എടുത്ത സിം കാർഡുകളുടെ കാര്യം മാത്രമേ നമുക്ക് അറിവുണ്ടാകൂ. എന്നാൽ നമ്മുടെ ഐഡികൾ ഉപയോഗിച്ച് എടുക്കപ്പെടുകയും എന്നാൽ നാം ഉപയോഗിക്കാത്ത നമുക്ക് അറിവില്ലാത്ത സിം കാർഡുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.
ഡിജിറ്റൽ തട്ടിപ്പുകൾ പെരുകുന്ന ഇക്കാലത്ത് നമ്മുടെ ഐഡി കാർഡ്, ആധാർ കാർഡ് ഉൾപ്പെടെയുള്ള ഡീറ്റെയിൽസ് സൈബർ ക്രിമിനലുകൾക്ക് അനായാസം കൈക്കലാക്കാൻ സാധിക്കും.
ഇങ്ങനെ സ്വന്തമാക്കുന്ന മറ്റുള്ളവരുടെ ഐഡി കാർഡുകൾ ഉപയോഗിച്ച് സിം കാർഡുകൾ എടുക്കുകയും അത് ഉപയോഗിച്ച് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. അതിനാൽ നമ്മുടെ പേരിൽ വ്യാജ സിം കാർഡ് ആരും എടുത്തിട്ടില്ല എന്ന് പരിശോധിച്ച് ഉറപ്പാക്കുന്നത് നല്ലതാണ്.
ക്രോം പോലെയുള്ള ഇന്റർനെറ്റ് ബ്രൗസർ തുറന്ന് Tafcop portal എന്ന് സെർച്ച് ചെയ്യുക. അവിടെ സഞ്ചാർ സാഥി’ പോർട്ടലിലേക്കുള്ള ഓപ്ഷൻ കണ്ടെത്താൻ കഴിയും.
തുടർന്ന് ദൃശ്യമാകുന്ന സഞ്ചാർ സാഥി പേജിൽ നമ്മുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്‌ത് ഒരു ക്യാപ്‌ച നൽകാൻ ആവശ്യപ്പെടും. ഇത് നൽകി കഴിഞ്ഞാൽ വാലിഡേറ്റ് ക്യാപ്‌ചയിൽ ക്ലിക്ക് ചെയ്യുക, അപ്പോൾ ഒരു ഒടിപി ലഭിക്കും. ഇത് ഒടിപി ഫീൽഡിൽ നൽകി ലോഗിൻ ബട്ടണിൽ ടാപ്പ് ചെയ്യുക.
തുടർന്ന് നമ്മുടെ പേരിൽ ആക്ടീവായിരിക്കുന്ന നമ്പറുകൾ കാണാൻ കഴിയും. സംശയാസ്പദമായി തോന്നുന്ന നമ്പർ ഇക്കൂട്ടത്തിൽ കണ്ടെത്തുക ആണെങ്കിൽ, ഇടത് വശത്തുള്ള ടിക്ക് ബോക്‌സിൽ ക്ലിക്ക് ചെയ്‌ത് അത് റിപ്പോർട്ട് ചെയ്യാം.
‘എന്റെ നമ്പർ അല്ല’ ഓപ്‌ഷൻ തിരഞ്ഞെടുത്ത് ചുവടെയുള്ള ‘റിപ്പോർട്ട്’ ബട്ടണിൽ ക്ലിക്ക് ചെയ്ത് തുടരാം. അതുവഴി ആ നമ്പർ നിങ്ങളുടേത് അല്ലെന്ന് ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിനെ അറിയിക്കും.