ഈ-പാസ് വില്ലനായി, സഞ്ചാരികള്‍ കുത്തനെ കുറഞ്ഞു; ഊട്ടി ടൂറിസം പ്രതിസന്ധിയിലേക്ക്

Share our post

ഊട്ടി ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകണമെങ്കില്‍ ഇ-പാസ് വേണമെന്ന് കോടതി ഉത്തരവിറക്കിയതിന്റെ ഭാഗമായി അത് നടപ്പാക്കാന്‍ തുടങ്ങിയതോടെ സഞ്ചാരികള്‍ കുറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ വളരെ കുറവായിരുന്നു. ഊട്ടിയില്‍ മേയ് മാസത്തില്‍ ദിവസേന ശരാശരി 20,000ത്തോളം സഞ്ചാരികള്‍ വരാറുണ്ടായിരുന്നു. ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

നീലഗിരിയില്‍ രജിസ്റ്റര്‍ ചെയ്തത് 3,17,102 പേര്‍

ഊട്ടി ഉള്‍പ്പെടെ നീലഗിരി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് ഏര്‍പ്പെടുത്തിയ ഇ-പാസ് സംവിധാനത്തിന്റെ ഭാഗമായി ബുധനാഴ്ചവരെ 3,17,102 പേര്‍ രജിസ്റ്റര്‍ ചെയ്തതായി കളക്ടര്‍ എം. അരുണ അറിയിച്ചു. മേയ് ആറു മുതല്‍ എട്ടിന് വൈകീട്ടുവരെയുള്ള കണക്കാണിത്.

58,983 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നീലഗിരി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് മേയ് ഏഴുമുതല്‍ ജൂണ്‍ 30വരെയാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്. സംസ്ഥാനസര്‍ക്കാരിന്റെ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്താല്‍ ഇ-പാസ് ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഇ-പാസ് ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഊട്ടി യിലേക്ക് വരുന്ന വിനോദസഞ്ചാരികളെ മേട്ടുപ്പാളയം, ഗൂഡല്ലൂര്‍ തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളില്‍ പോലീസ് പരിശോധിച്ച് ഇ-പാസ് ഉണ്ടെന്ന് ബോധ്യപ്പെട്ടശേഷമാണ് കടത്തിവിടുന്നത്. ഇ-പാസ് സംവിധാനം ഏകോപിപ്പിക്കുന്നതിന് കളക്ടറേറ്റില്‍ ഒരു ഡെപ്യൂട്ടി കളക്ടറെത്തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇ-പാസ് സംവിധാനത്തെക്കുറിച്ച് സന്ദര്‍ശകരെ ബോധവത്കരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഹോട്ടല്‍-ലോഡ്ജ് ഉടമകളെക്കൂടി പങ്കെടുപ്പിച്ചാണ് ബോധവത്കരണം. റൂം ബുക്കുചെയ്യുമ്പോള്‍ ത്തന്നെ ഇ-പാസിനെക്കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുന്നതുള്‍പ്പെടെ വിവിധ പ്രവൃത്തികളാണ് ആസൂത്രണം ചെയ്യുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!