സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചുകൊല്ലാൻ ശ്രമം; മൂന്നുപേര്‍ അറസ്റ്റിൽ

മീനങ്ങാടി (വയനാട്) : ബാറിൽവെച്ച് സോഡാക്കുപ്പി കൈതട്ടിപ്പൊട്ടിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിനെ ഗ്ലാസുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. മീനങ്ങാടി സ്വദേശികളായ കൃഷ്ണഗിരി ഞെണ്ടുകുളത്തിൽ വീട്ടിൽ ജോണി ജോർജ്(41), മൈലംമ്പാടി വിണ്ണംപറമ്പിൽ വീട്ടിൽ എം. വിഷ്ണു(24), മൈലമ്പാടി പള്ളികുളങ്ങര വീട്ടിൽ പി.എ. അഭിജിത്ത്(23) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 30-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. മീനങ്ങാടിയിലെ ബാറിനുള്ളിൽവെച്ചുള്ള തർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്. ബാറിൽവെച്ച് പരാതിക്കാരനായ യുവാവിന്റെ കൈതട്ടി സോഡാക്കുപ്പി വീണുപൊട്ടിയിരുന്നു. എന്നാൽ സോഡാക്കുപ്പിയുടെ പണമടയ്കാൻ യുവാവ് വിസമ്മതിച്ചെന്നാരോപിച്ചായിരുന്നു തർക്കമുണ്ടായത്. ബാറിനുപുറത്തിറങ്ങിയശേഷം നടപ്പാതയിൽവെച്ചായിരുന്നു ക്രൂരമർദനം.
ബാറിനുപുറത്തുവെച്ച് ജോണി ജോർജ് പരാതിക്കാരനായ യുവാവിന്റെ സുഹൃത്തിന്റെ മുഖത്തടിച്ചു. ഇത് തടയാൻചെന്ന യുവാവിന്റെ തലയിൽ ജോണിജോർജ് ഗ്ലാസുകൊണ്ടടിച്ചു. രണ്ടാമതും തലയ്ക്കടിക്കാനുള്ള ശ്രമം യുവാവ് കൈകൊണ്ടുതടഞ്ഞു. ഇതുകൂടാതെ പരാതിക്കാരനെയും സുഹൃത്തിനെയും അടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിനുശേഷം ഒളിവിൽപോയ ഇവരെ ചിത്രഗിരിയിൽ അഭിജിത്തിന്റെ ബന്ധുവിന്റെ പറമ്പിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.
മൂന്നുപേരും ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ജോണി ജോർജിന് മേപ്പാടി, ബത്തേരി, മീനങ്ങാടി സ്‌റ്റേഷനുകളിലും, വിഷ്ണുവിന് മീനങ്ങാടി സ്റ്റേഷനിലും, അഭിജിത്തിന് മേപ്പാടി, വൈത്തിരി, തൊണ്ടർനാട് സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
മീനങ്ങാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. പി.ജെ. കുര്യക്കോസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ. എം. വിനോദ്കുമാർ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ശിവദാസൻ, സുരേഷ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രാജു, ക്ലിന്റ്, രവീന്ദ്രൻ, വിനോയ്, ഖാലിദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.