വെസ്റ്റ് നൈല്‍ പനി: കണ്ണൂരിലും ജാഗ്രത

Share our post

കണ്ണൂർ: കണ്ണൂർ വാട്ടർ അതോറിറ്റിയില്‍ ജോലി ചെയ്യുന്ന 52 വയസുകാരനെ വെസ്റ്റ് നൈല്‍ പനി രോഗത്തിന്റെ ലക്ഷണങ്ങളോട് കൂടി കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശവമായി ജില്ലാ മെഡിക്കല്‍ ഓഫീസ്. ഇലക്ഷൻ സർവ്വയലൻസ് ടീമിന്റെ ഭാഗമായി ചൊക്ലി ഭാഗത്ത് ജോലി ചെയ്യുന്നതിനിടെ ഇയാൾക്ക് ഏപ്രില്‍ 18ന് പനി വരികയും അതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

നാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വൈറോളജി പൂനെയില്‍ സാമ്പിള്‍ അയച്ച്‌ ഫലം വന്നാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാവൂ എന്നാണ് പ്രോട്ടോക്കോള്‍. ഈ രോഗിയുടെ സാമ്പിള്‍ റിസള്‍ട്ട് ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ നിലവില്‍ ഇത് സ്ഥിരീകരണം നടത്തിയ ഒരു വെസ്റ്റ് നൈല്‍ ഫീവർ കേസ് അല്ല. അതേ സമയം വെസ്റ്റ് നൈല്‍ ഫീവർ ആയി സ്ഥിരീകരണം വന്നു കഴിഞ്ഞാല്‍ ഇതിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ഇപ്പോള്‍തന്നെ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പത്ത് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 

കണ്ണൂർ ജില്ലയില്‍ കഴിഞ്ഞ വർഷം രണ്ട് വെസ്റ്റ് നൈല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. എടക്കാട്, കൊളശ്ശേരി (തലശ്ശേരി) എന്നീ പ്രദേശങ്ങളിലായിരുന്നു ഇത്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ല വെക്ടർ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചൊക്ലി പ്രദേശത്ത് ഫോഗിംഗ് നടത്തി.

കൊതുക് തന്നെയാണ് വില്ലൻ

വെസ്റ്റ് നൈല്‍ ഫീവർ എന്ന അസുഖത്തിന്റെ രോഗാണു വൈറസുകളാണ്. ക്യൂലക്സ് കൊതുക് കടി വഴിയാണ് രോഗം പകരുന്നത്. നേരിട്ട് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതല്ല. വെസ്റ്റ് നൈലിന്റെ വൈറസ് ശരീരത്തില്‍ ഉള്ള മറ്റൊരു ജീവിയെ (ഉദാ: പക്ഷികള്‍) കൊതുക് കടിക്കുമ്പോള്‍ ആണ് കൊതുകിന്റെ ശരീരത്തില്‍ വൈറസ് എത്തുന്നത്. ഈ കൊതുക് മനുഷ്യനെ കടിക്കുമ്പോൾ വൈറസ് മനുഷ്യന്റെ ശരീരത്തില്‍ എത്തുകയും രോഗ ബാധ ഉണ്ടാവുകയും ചെയ്യുന്നു.

രോഗ ലക്ഷണങ്ങൾ

കൊതുക് കടി ഏറ്റ് രണ്ട് മുതല്‍ 14 ദിവസത്തിനുള്ളില്‍ ആണ് അസുഖത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാൻ തുടങ്ങുന്നത്. തലവേദന, പനി, സന്ധി വേദന, ചർദ്ദി, ശരീരത്തില്‍ പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ഒരു ശതമാനത്തില്‍ താഴെ ആളുകളിലാണ് തലച്ചോറിനെ ബാധിക്കുകയും എൻസെഫലൈറ്റിസ് അല്ലെങ്കില്‍ മെനിഞ്ചൈറ്റിസ് സംഭവിക്കുകയും ചെയ്യുന്നത്.

▫️ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ ആണ് രോഗം പരത്തുന്നത്.

▫️ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ ഉള്ള പ്രദേശത്ത് രോഗ ബാധയ്ക്ക് സാദ്ധ്യത.

▫️കൊതുക് നശീകരണവും കൊതുക് കടി ഏല്‍ക്കാതെ ശ്രദ്ധിക്കലുമാണ് പ്രതിരോധ മാർഗങ്ങള്‍. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!