സ്വർണ പണയത്തിന് ഇനി 20,000 രൂപയിൽ കൂടുതൽ കൈയിൽ കിട്ടില്ല; വരുന്നത് വലിയ മാറ്റം

സ്വർണ പണയ വായ്‌പ പലപ്പോഴും നമുക്കൊരു അനുഗ്രഹമാണ്. അതിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ പെട്ടെന്ന് ചെല്ലുമ്പോഴും നമുക്ക് പണം എളുപ്പത്തിൽ കിട്ടുമെന്നതാണ്. കൂടുതൽ സാങ്കേതിക നൂലാമാലകൾ ഇല്ലാതെ തന്നെ ഈടിന് അനുസരിച്ച് പണം ലഭിക്കും എന്നതിനാൽ തന്നെ സ്വർണ പണയ വായ്‌പ വലിയൊരു ആശ്വാസമാണ് നമ്മളിൽ പലർക്കും. എന്നാൽ ഇനി അതിന് കൂടുതൽ നിയന്ത്രണം വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രാമ-നഗര ഭേദമില്ലാതെ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന സ്വർണ വായ്‌പ ഇനി മുതൽ ഇത്തിരി ബുദ്ധിമുട്ടേറിയതാവും എന്നാണ് സൂചന. എന്തെന്നാൽ പണം നൽകുന്നതിൽ ഉൾപ്പെടെ നിയന്ത്രണം വന്നേക്കും.
റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലാണ് ഇതിന് പ്രധാന കാരണം. അടുത്തിടെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളോട് സ്വർണ പണയ വായ്‌പയുടെ കാര്യത്തിൽ ചില കർശന നിയന്ത്രങ്ങൾക്കാണ് ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ എത്ര തുക ആണെങ്കിലും ഉപയോക്താക്കളുടെ ആവശ്യാനുസരണം പണം കൈയിൽ തന്നെ നൽകാറാണ് പതിവ്. എന്നാൽ ഇതിന് അധികം ആയുസ് ഉണ്ടാവില്ല.
നിങ്ങൾ ഇനി സ്വർണ പണയത്തിന് ചെന്നാൽ പണമായി വെറും 20000 രൂപ മാത്രമേ നിങ്ങളുടെ കൈയിൽ കിട്ടുകയുള്ളൂ. 20000 രൂപ എന്ന പരിധി കർശനമായി പാലിക്കണം എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശം.
എന്നാൽ ഇക്കാര്യത്തിൽ വലിയ രീതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നതാണ് യാഥാർഥ്യം. കാരണം ഇപ്പോഴും സാധാരണ നിലയിൽ തന്നെ 20000 രൂപയ്ക്ക് മുകളിലുള്ള വലിയ തുക നിങ്ങൾക്ക് സ്വർണം പണയം വച്ചാൽ കിട്ടും. എന്നാൽ ഇനി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാത്രമേ കൈമാറൂ എന്നതാണ് നിയമം.
എല്ലാ വായ്‌പകൾക്കും ഈ പരിധി ബാധകം ആണെങ്കിലും ഏറ്റവുമധികം ബാധിക്കുക സ്വർണ പണയ വായ്‌പകൾക്ക് തന്നെയാവും. പ്രത്യേകിച്ചും ഇത്തരം വായ്‌പകൾ കൂടുതലായി ആശ്രയിക്കുന്നത് അത്യവശ്യക്കാർ ആയതിനാൽ അവർ പലപ്പോഴും തുക പണമായി നേരിട്ട് കൈയിൽ കൈപ്പറ്റാനാണ് ആഗ്രഹിക്കുന്നത്. ഇതിന് സ്ഥാപനങ്ങൾ സൗകര്യം ചെയ്‌തു കൊടുക്കാറുമുണ്ട്.
എന്നാൽ ഇനി അത് വേണ്ടെന്ന് സൂചനയാണ് ആർ.ബി.ഐ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ആദായ നികുതി വകുപ്പ് പ്രകാരം നിലവിൽ 20000 രൂപയിൽ കൂടുതൽ പണമായി കൈമാറുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് വായ്‌പകൾക്കും ഇത് ബാധകമാകുന്നത്.