കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തി കെ.സുധാകരൻ

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച ശേഷം കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി അദ്ദേഹം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന തിരഞ്ഞെടുപ്പ് അവലോകനയോഗത്തിലും ഹസനായിരുന്നു അധ്യക്ഷൻ. ജില്ലകളിൽ നടക്കേണ്ട വിശദമായ തിരഞ്ഞെടുപ്പ് അവലോകനത്തിനുള്ള നിർദേശവും നൽകിയിരുന്നു. ഈ യോഗത്തിൽ താൻ തിരികെ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് പ്രതിനിധികളായ കെ.സി. വേണുഗോപാലോ ദീപാ ദാസ് മുൻഷിയോ സൂചന നൽകുമെന്നായിരുന്നു സുധാകരന്റെ പ്രതീക്ഷ.
എന്നാൽ അതുണ്ടായില്ല. ഫലം വരുംവരെ ഹസനാകും ചുമതലയെന്ന നിലയിൽ കാര്യങ്ങൾ പുരോഗമിക്കുന്നതിൽ സുധാകരൻ അതൃപ്തിയിലായി. ചുമതല കൈമാറിയില്ലെങ്കിൽ കടുത്ത പ്രതികരണങ്ങൾ നടത്തുമെന്ന സൂചന സുധാകരൻ പാർട്ടി കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. ദേശീയതലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനിടെ കേരളത്തിൽ അത്തരമൊരു അസ്വാസ്ഥ്യമുണ്ടാക്കേണ്ടെന്ന് വിലയിരുത്തിയ ഹൈക്കമാൻഡ് സുധാകരന് ബുധനാഴ്ചതന്നെ ചുമതല ഏറ്റെടുക്കാൻ അനുമതി നൽകി. ഹസനെയും വിവരം ധരിപ്പിച്ചു.
മത്സരിക്കുന്നതിന്റെ പേരിൽ മാറിനിന്ന സുധാകരൻ വോട്ടെടുപ്പിനുശേഷം സ്വാഭാവികമായി തിരിച്ചെത്തുന്നുവെന്ന വ്യാഖ്യാനമേ പാർട്ടി ഇതിന് നൽകുന്നുള്ളൂ. ഫലംവന്നശേഷം പാർട്ടി പുനഃസംഘടന കോൺഗ്രസിൽ വീണ്ടും ചർച്ചയാകാനാണ് സാധ്യത.