വനം, മോട്ടോര്‍വാഹന വകുപ്പുകളുടെ ഇടപെടല്‍: 40 ആദിവാസി യുവാക്കള്‍ക്ക് ഇരുചക്രവാഹന ലൈസന്‍സ്

പത്തനാപുരം : വനംവകുപ്പിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും ഇടപെടലില്‍ പിറവന്തൂര്‍ പഞ്ചായത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 40 പേര്‍ക്ക് ഇരുചക്ര വാഹന ലൈസന്‍സായി. വാഹനപരിശോധനയ്ക്കിടെ ഭൂരിപക്ഷം പേരും വാഹനം ഉപേക്ഷിച്ച് ഓടിമറയുക പതിവായിരുന്നു. അമ്പനാര്‍ ഡെപ്യൂട്ടി റേഞ്ചര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ ചെമ്പനരുവി, ചെരിപ്പിട്ടകാവ്, അമ്പനാര്‍, മുള്ളുമല, അച്ചന്‍കോവില്‍ മേഖലയിലെ ഊരുകളില്‍ സര്‍വേ നടത്തി. വിദ്യാഭ്യാസ യോഗ്യതയാണ് ലേണേഴ്സ് പാസാകുന്നതിന് പ്രയാസം സൃഷ്ടിച്ചതെന്ന് മനസ്സിലാക്കി.
ഇതോടെ പ്രത്യേക പരിശീലനം നല്‍കി ലേണേഴ്സ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കി. കൊട്ടാരക്കര എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു.എന്‍.കുഞ്ഞുമോന്റെ നേതൃത്വത്തില്‍ പ്രത്യേക ലേണേഴ്‌സ് പരീക്ഷ നടത്തി. തുടര്‍ന്ന് അമ്പനാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ വളപ്പില്‍ ഗ്രൗണ്ട് ഒരുക്കി പരിശീലനവും നല്‍കി.
പരിശീലനം പൂര്‍ത്തിയാക്കിയവര്‍ ടെസ്റ്റ് പാസായി ലൈസന്‍സ് നേടി. അപകടങ്ങള്‍ പറ്റുമ്പോള്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് തുക ലഭ്യമാകാതെ ബുദ്ധിമുട്ടിലായിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാമാണ് പരിഹാരമായത്. ഉദ്യോഗസ്ഥരുടെ മാതൃകാ പ്രവര്‍ത്തനത്തെ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിനന്ദിച്ചു.