ഹൈക്കമാൻഡിന്റെ അനുമതി: കെ.സുധാകരൻ നാളെ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേൽക്കും
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു. ചുമതല കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ സുധാകരൻ അധ്യക്ഷനായി ചുമതലയേൽക്കും. വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതലകൾ തിരികെ ലഭിക്കണമെന്ന് എ.ഐ.സി.സി നേതൃത്വത്തോടു സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ‘പാർലമെന്റ് തിരഞ്ഞെടുപ്പ് അവസാനിക്കും വരെ’ പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനുള്ള കത്തായിരുന്നു എ.ഐ.സി.സി ഹസനു നൽകിയിരുന്നത്.
തിരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് എ.ഐ.സി.സി നിർദേശമെന്നും എന്നാൽ അതിനു മുൻപ് നിർദേശം ലഭിച്ചാൽ ഒഴിയുമെന്നും മനോരമ ഓൺലൈൻ ക്രോസ് ഫയർ അഭിമുഖത്തിൽ ഹസൻ പറഞ്ഞിരുന്നു. ‘‘വിഷയത്തിൽ താനും സുധാകരനും തമ്മിൽ തർക്കമില്ല. ഉടനെ തിരിച്ചു വരാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായി തനിക്ക് അറിവില്ല. മാറിക്കൊടുക്കാതിരിക്കുക എന്ന പ്രശ്നവും ഉദിക്കുന്നില്ല. എ.ഐ.സി.സി നിർദേശം എന്തായാലും അത് അനുസരിക്കും’’–ഇതായിരുന്നു ഹസന്റെ വാക്കുകൾ.