ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ 2024 അവസാനത്തോടെ

ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള സംവിധാനം ഈ വർഷം അവസാനത്തോടെ പ്രാദേശിക രാജ്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം അതോറിറ്റി (എസ്.സി.ടി.ഡി.എ) ഖാലിദ് ജാസിം അൽ മിദ്ഫ തിങ്കളാഴ്ച അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പറഞ്ഞു. ജി.സി.സി എകീകൃത വിസ പ്രാബല്യത്തിൽ വന്നാൽ ബഹ്റൈൻ, കുവെെറ്റ്, ഒമാൻ, ഖത്തർ, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്ക് ഒരു വിസയിൽ സഞ്ചരിക്കാനാകും.
“ഈ വർഷം അവസാനത്തോടെ മുഴുവൻ സംവിധാനവും നിലവിൽ വരും. അതിനായി ഞങ്ങൾ രാവും പകലും പ്രവർത്തിക്കുന്നു, ഇ-സേവനം അതിൻ്റെ ഒരു പ്രധാന ഭാഗമാണ്’’ റീജിയണൽ ടൂറിസം മേധാവിയുടെ പാനൽ ചർച്ചയിൽ അൽ മിദ്ഫ പറഞ്ഞു.
ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിന് മറ്റ് ജി.സി.സി രാജ്യങ്ങളുമായി സഹകരിച്ച് ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
“ഇത് പ്രാബല്യത്തിൽ വന്നാൽ, ജി.സി.സി രാജ്യങ്ങളിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉയർത്തിക്കാട്ടുന്നതിനും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും സഹായമാകും. അതോടെ ഹോട്ടൽ അതിഥികളുടെ എണ്ണം വർദ്ധിപ്പിക്കാനും മേഖലയെ പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളുടെ മുൻനിര കേന്ദ്രങ്ങളിലൊന്നായി മാറ്റുവാനും കഴിയും.’’ ഏപ്രിൽ 28, 29 തീയതികളിൽ റിയാദിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ശേഷം അൽ മറി പറഞ്ഞു.