മാസപ്പടികേസിൽ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി തള്ളി, മാത്യു കുഴൽനാടന് തിരിച്ചടി

Share our post

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നല്‍കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ വിശദമായ വാദം കേട്ട ശേഷം ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.

സി.എം.ആർ.എല്ലിന് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നൽകിയതിന്റെ പ്രത്യുപകാരമായിട്ടാണ് എക്സാലോജിക്കിന് പണം നൽകിയത് എന്നായിരുന്നു മാത്യു കുഴൽനാടന്റെ വാദം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നത്. ആദ്യം കേസ് വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് നിലപാട് എടുത്തു.

പിന്നാലെ കോടതി കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ രണ്ട് തവണ കോടതി ഹർജികൾ പരിഗണിച്ചപ്പോൾ കുഴൽനാടൻ വിവിധ രേഖകൾ ഹാജരാക്കി. കരിമണൽ ഖനനത്തിന് മുഖ്യമന്ത്രി നേരിട്ട് അനധികൃതമായി അനുമതി നൽകാൻ ഇടപെട്ടു എന്ന് തെളിയിക്കുന്നുവെന്ന് അവകാശപ്പെടുന്ന അഞ്ച് രേഖകളായിരുന്നു കോടതിയിൽ ഹാജരാക്കിയത്.

എന്നാൽ രേഖകളിലൊന്നും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്നായിരുന്നു വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചത്.

തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കംചെയ്യണമെന്ന് നിർദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്ത്, കെ.എം.ഇ.ആർ.എല്ലിന്റെ കൈവശമുള്ള അധിക ഭൂമിക്ക്‌ ഇളവ് അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളിയതിനെതിരേ ഹൈക്കോടതി നൽകിയ അനുകൂല ഉത്തരവ്, ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിശദപരിശോധന നിർദേശിച്ചുള്ള സർക്കാർ കുറിപ്പ് എന്നിവ മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരാക്കി. ഇതിനെതിരേ സർക്കാർ വീണ്ടും സി.എം.ആർ.എല്ലിന്റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലൻസും ഹാജരാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!