മാത്യു കുഴല്‍നാടന്റേത് തെളിവില്ലാത്ത ആരോപണങ്ങളെന്ന് കോടതി; മാസപ്പടി കേസിലെ വിധി ഇങ്ങനെ

തിരുവനന്തപുരം: മാത്യു കുഴൽനാടൻ്റെ ഹർജിയിൽ തെളിവുകളില്ലെന്നും ആരോപണങ്ങൾ മാത്രമാണ് ഉള്ളതെന്നും വിജിലൻസ് കോടതി. മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കുഴൽനാടൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ. ആരോപണങ്ങൾക്ക് പ്രഥമദൃഷ്ട‌്യാ തെളിവില്ലെന്നും ഹർജി അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും വിധിന്യായത്തിൽ പറയുന്നു. മാത്യു കുഴൽനാടൻ്റെ ഹർജി രാഷ്ട്രീയ പ്രേരിതമായ ആരോപണം എന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമർശിക്കുന്നു.
സി.എം.ആർ.എൽ പണം നൽകിയ മറ്റാരുടെയും പേരിൽ ഹർജിക്കാരൻ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. എന്തുകൊണ്ട് മുഖ്യമന്ത്രിക്കും മകൾക്കും എതിരേ മാത്രം അന്വേഷണം ആവശ്യപ്പെടുന്നുവെന്നും കോടതി ചോദിക്കുന്നു. മാത്യു കുഴൽനാടൻ്റെ ഹർജിയിൽ ആരോപണങ്ങൾ മാത്രമാണ്. ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ പരാതിക്കാരൻ പരാജയപ്പെട്ടു. സി.എം.ആർ.എല്ലിന് ഐ.ആർ.ഇ ഇൽമനൈറ്റ് നൽകിയതിൽ അഴിമതി ഇല്ലെന്ന് കോടതി വിലയിരുത്തി. ഇൽമനൈറ്റ് സൗജന്യമായി കൊടുത്തു എന്ന ആരോപണം ഹർജിയിലില്ല.
ഈ ഇടപാടിൽ സി.എം.ആർ.എല്ലിന് എന്ത് ലാഭമുണ്ടായി എന്നും വ്യക്തമാക്കിയിട്ടില്ല. ഇതിനായി ഹർജിക്കാരൻ ഹാജരാക്കിയ ഇ-വേ ബില്ല് തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. കെ.ആർ.ഇഎം.എല്ലിന് മിച്ചഭൂമി ഇളവുചെയ്‌ത് കൊടുത്തുവെന്ന വാദവും കോടതി തള്ളിക്കളഞ്ഞു. മിച്ചഭൂമി ഇളവുചെയ്‌ത് കൊടുക്കാനുള്ള തീരുമാനം പിന്നീട് റദ്ദാക്കിയത് വിജിലൻസ് കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് മിച്ചഭൂമി ഇളവ് ചെയ്‌ത് കൊടുത്തിട്ടില്ലെന്നും കോടതി വിലയിരുത്തിയത്.
മാസപ്പടി കേസ് ഉയർത്തിക്കൊണ്ടുവന്ന സമയത്ത് മാത്യു കുഴൽനാടന്റെ പ്രധാന ആരോപണങ്ങളിൽ ഒന്നായിരുന്നു മിച്ചഭൂമി ഇളവുചെയ്‌തു കൊടുത്തുവെന്ന രേഖ. എന്നാൽ അതേ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
മാസപ്പടി കേസിൽ കുഴൽനാടൻ്റെ നിയമവഴിയിലൂടെയുള്ള നീക്കം തിരഞ്ഞെടുപ്പ് സമയത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. വിഷയത്തിൽ കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായതോടെ ഇനി കേന്ദ്ര ഏജൻസിയുടെ അന്വേഷണം മാത്രമാണ് സർക്കാരിനും പാർട്ടിക്കും പ്രതിസന്ധിയായി മുന്നിലുള്ളത്. വിഷയത്തിൽ സീരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെ ആദായ നികുതി വകുപ്പും എൻഫോഴ്‌സ്മെന്റ്റ് ഡയറക്ടറേറ്റും പ്രത്യേകം അന്വേഷിക്കുന്നുമുണ്ട്.