മയക്കുമരുന്ന് വിൽപന കണ്ണൂരിലെ ‘തങ്ങൾ എന്നറിയപ്പെടുന്ന ആൾ ’ അറസ്റ്റിൽ

കണ്ണൂർ: മയക്കുമരുന്ന് വിൽപന കണ്ണൂരിലെ തങ്ങൾ എന്നറിയപ്പെടുന്ന ആൾ അറസ്റ്റിൽ. ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടുപേരെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നാണ്പിടികൂടിയത്.
കണ്ണൂർ പുഴാതി മർഹബ മൻസിൽ തങ്ങൾ എന്നറിയപ്പെടുന്ന പി.എം. അബ്ദുൾ നൂർ (45), തിരുവമ്പാടി പുല്ലൂരാംപാറ കുന്നുമ്മൽ ഹൗസിൽ മുഹമ്മദ് ഷാഫി (36) എന്നിവരെയാണ് നാർക്കോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിൽ ഡാൻസാഫും സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിൽ ടൗൺ പൊലീസും പിടികൂടിയത്.
സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് 18.800 ഗ്രാം എം.ഡി എം.എയുമായി ഇരുവരും പിടിയിലായത്. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ചുനൽകുന്ന മുഖ്യ കണ്ണിയാണ് അബ്ദുൾ നൂറെന്നും വല്ലപ്പോഴും കോഴിക്കോട്ടുവരുന്ന ഇയാൾ ബംഗളൂരുവിലാണ് ഇടപാടുകൾ മുഴുവനും നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.
സുഹൃത്തായ ഷാഫിയെ ബിസിനസിൽ പങ്കാളിയാക്കി പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രവുമായിട്ടാണ് കോഴിക്കോട്ടെത്തിയത്. പിടിക്കപ്പെടാതിരിക്കാൻ വാട്സ്ആപ്പിലൂടെ മാത്രമാണ് നൂർ ബന്ധപ്പെടുന്നത്. ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെക്കുറിച്ച് അറിവുണ്ടാകാതിരുന്നതും പൊലീസിനെ ഏറെ കുഴക്കി.