Connect with us

Kerala

മേയര്‍ക്കെതിരെ കേസെടുക്കണം, കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കോടതി ഉത്തരവ്

Published

on

Share our post

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

ഹര്‍ജിയില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ ചുമത്തി മേയര്‍ക്കും കുടുംബത്തിനുമെതിരെ കേസെടുക്കാനാണ് ഇപ്പോള്‍ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ., മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ആള്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണ് കോടതിയുടെ നിര്‍ദേശം. കന്റോണ്‍മെന്റ് പോലീസിനാണ് കേസെടുക്കാന്‍ നിര്‍ദേശം. പരാതി കോടതി പോലീസിന് കൈമാറി.

കേസില്‍ മേയറുടെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. മേയര്‍ക്കെതിരെ യദു പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അത് പരിഗണിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് യദു കോടതിയെ സമീപിച്ചത്. യദു നല്‍കിയ ഈ ഹര്‍ജി പരിഗണിച്ചാണ് മേയര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നായിരുന്നു യദുവിന്റെ ഹര്‍ജിയിലെ ആവശ്യം. ഈ വകുപ്പ് പ്രകാരമാണോ കോടിയുടെ ഉത്തരവ് വന്നിരിക്കുന്നത് എന്നത് വ്യക്തമല്ല.

അതേസമയം, തന്റെ മൊഴിയെന്ന നിലയില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മൊഴി യാഥാര്‍ഥ്യമല്ലെന്ന് കെ.എസ്.ആര്‍.ടി.സി. ബസ് കണ്ടക്ടര്‍ സുബിന്‍. മേയറും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തിലെ പ്രധാന സാക്ഷിയാണ് ബസിലെ കണ്ടക്ടറായ സുബിന്‍. കേസിനെ പറ്റി മാധ്യമങ്ങളില്‍ പ്രചരിച്ചത് തന്റെ മൊഴിയല്ലെന്ന് സുബിന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ മൊഴി കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്ക് നല്‍കിയതാണെന്നും സുബിന്‍ പ്രതികരിച്ചു.

സംഭവം നടക്കുമ്പോള്‍ ബസിന്റെ പിന്‍സീറ്റിലായിരുന്നുവെന്നും മേയറുമായി തര്‍ക്കമുണ്ടായപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നുമാണ് സുബിന്റേതായി പുറത്തുവന്ന മൊഴികള്‍. ബസ് കാറിനെ ഓവര്‍ ടേക്ക് ചെയ്തോയെന്ന് അറിയില്ല. സാഫല്യം കോംപ്ലക്സിന് സമീപം ബസ് തടഞ്ഞപ്പോഴാണ് സംഭവം അറിയുന്നതെന്നും സുബിന്‍ പറഞ്ഞുവെന്നാണ് മാധ്യമങ്ങളില്‍ വന്നത്. സുബിന്‍ പിന്‍സീറ്റിലായിരുന്നുവെന്ന കാര്യം ഡ്രൈവര്‍ യദുവും തള്ളിക്കളഞ്ഞിരുന്നു. മുന്‍സീറ്റിലിരുന്ന സുബിന്‍ സച്ചന്‍ദേവ് എം.എല്‍.എ. എത്തിയപ്പോള്‍ ‘സഖാവെ’ എന്നുപറഞ്ഞ് എഴുന്നേറ്റുവെന്നും യദു പറഞ്ഞിരുന്നു.

മാധ്യമങ്ങളില്‍ വന്ന മൊഴി തെറ്റാണ്. അന്ന് നടന്ന സംഭവങ്ങളെ പറ്റി വള്ളിപുള്ളി തെറ്റാതെ കെ.എസ്.ആര്‍.ടി.സി. മേലുദ്യോഗസ്ഥര്‍ക്ക് എഴുതി കൊടുത്തിരുന്നു. അതിനുശേഷം കന്റോണ്‍മെന്റ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും എന്റെ മൊഴി രേഖപ്പെടുത്തി. മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി തന്നെയാണ് അവരോടും പറഞ്ഞത്. പോലീസിന് നല്‍കിയ മൊഴി ഞാനെന്റെ ഭാര്യയോടുപോലും പറഞ്ഞിട്ടില്ല. മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സുബിന്‍ പറഞ്ഞു.

ആരെയും വെള്ളപൂശാനോ രക്ഷപ്പെടുത്താനോ അല്ല മൊഴി കൊടുത്തത്. സത്യമായ കാര്യങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞാന്‍ കൊടുത്ത മൊഴിയല്ല. സംശയമുള്ളവര്‍ക്ക് അത് കോടതിയിലെത്തുമ്പോള്‍ പരിശോധിക്കാം. പോലീസിന് മൊഴി നല്‍കിയ സമയത്ത് ആ മുറിയില്‍ ഞാനും രണ്ട് പോലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. മൊഴിപ്പകര്‍പ്പ് ആര്‍ക്കും നല്‍കരുതെന്നാണ് എന്നോട് പറഞ്ഞത്. ഞാനത് ആര്‍ക്കും കൊടുത്തിട്ടില്ല. പോലീസുകാരും കൊടുത്തുവെന്ന് വിശ്വസിക്കുന്നില്ലെന്നും സുബിന്‍ വ്യക്തമാക്കി.

വിവാദമായ സംഭവമാണ്. ഞാന്‍ ഒളിവിലാണെന്ന് വരെ പ്രചരിപ്പിച്ചു. കേസില്‍ ഞാന്‍ വാദിയോ പ്രതിയോ അല്ല, സാക്ഷിയാണ്. സംഭവം നടന്നതിന്റെ അടുത്ത ദിവസവും ജോലിക്ക് പോയി. മാധ്യമ ശ്രദ്ധ ആഗ്രഹിക്കാത്തതുകൊണ്ടാണ് പ്രതികരിക്കാന്‍ ശ്രമിക്കാതിരുന്നത്. ഇപ്പോള്‍ എന്റെ മൊഴി എന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതുകൊണ്ട് മാത്രമാണ് ഇങ്ങനെ പ്രതികരിക്കുന്നത്. ബസിലെ ക്യാമറയുടെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ ഫോറന്‍സിക് ഫലം ഞാനും കാത്തിരിക്കുകയാണെന്നും സുബിന്‍ പറഞ്ഞു.

ആരാണ് അതെടുത്തത് എന്നറിയാന്‍ എനിക്കും ആഗ്രഹമുണ്ട്. ക്യാമറ ദൃശ്യങ്ങള്‍ ക്ലൗഡിലാണ് ശേഖരിക്കുക എന്നാണ് കരുതിയിരുന്നത്. ചീഫ് ഓഫീസില്‍ അത് കാണുമെന്നും കരുതി. പിന്നെ മാധ്യമങ്ങള്‍ വഴിയാണ് അതിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടുവെന്നറിയുന്നത്. അതില്‍ അന്വേഷണം നടക്കട്ടെ. സംഭവം നടന്നതിന് പിന്നാലെ എ.എ. റഹീം എം.പിയെ വിളിച്ചിരുന്നു. പ്രശ്നമുണ്ടായപ്പോള്‍ ആദ്യം മനസിലേക്ക് വന്ന ഒരു ജനപ്രതിനിധിയുടെ പേര് റഹീമിന്റേതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്. അക്കാര്യം അദ്ദേഹവും സമ്മതിച്ചതാണ്. ഇതില്‍ വിവാദത്തിന്റെ കാര്യമില്ലെന്നും സുബിന്‍ പറഞ്ഞു.


Share our post

Kerala

മേപ്പാടി 1000 ഏക്കറിൽ തീപ്പിടിത്തം; റസ്റ്ററന്റും കള്ളുഷാപ്പും കത്തി, ഭക്ഷണം കഴിച്ചിരുന്നവർ ഇറങ്ങിയോടി

Published

on

Share our post

കല്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ തൗസന്റ് ഏക്കറി’ല്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. തീ പൂര്‍ണമായും അണച്ചു. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തി. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.


Share our post
Continue Reading

Kerala

ഹൃദയ പക്ഷം: മു‌ഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസം​ഗം പുസ്തക രൂപത്തിൽ

Published

on

Share our post

തിരുവനന്തപുരം: മു‌ഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസം​ഗം പുസ്തക രൂപത്തിൽ പുറത്തിറക്കി . ‘ഹൃദയ പക്ഷം’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയത്. ഇൻഫോർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പുസ്തകം പുറത്തിറക്കിയത്. 2016 മുതൽ 2025 വരെയുള്ള നിയമസഭയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസം​ഗങ്ങളാണ് പുസ്തകത്തിൽ.‌ ടി വി സുഭാഷ് ഐഎഎസ് ആണ് എഡിറ്റർ .


Share our post
Continue Reading

Kerala

മികച്ച കരിയര്‍, ആകര്‍ഷകമായ ശമ്പളം; കേന്ദ്രസർവീസിൽ അവസരം

Published

on

Share our post

കേന്ദ്രസർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 84 ഒഴിവുണ്ട്. വിജ്ഞാപന നമ്പർ: 05/2025

ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ എൻജിനിയർ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ): ഒഴിവ്-15, മെഡിക്കൽ ഓഫീസർ (ആയുർവേദ-പുതുച്ചേരി ഗവൺമെന്റ്): ഒഴിവ്-9, ട്രെയിനിങ് ഓഫീസർ-എക്സ്പെക്ട്‌ വിമൻ ട്രെയിനിങ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ്): ഒഴിവ്-37, റിസർച്ച് ഓഫീസർ (നാച്വറോപ്പതി)-1 , ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ ആർക്കിടെക്ട്)-2 , പ്രൊഫസർ (കെമിക്കൽ എൻജിനിയറിങ്)-1, സയന്റിഫിക് ഓഫീസർ-1, അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ എൻജിനിയറിങ്/കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്)-1, അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ എൻജിനിയറിങ്-സോയിൽ മെക്കാനിക്സ്)-1, ലേഡി മെഡിക്കൽ ഓഫീസർ (ഫാമിലി വെൽഫെയർ)-3, സയന്റിസ്റ്റ്-ബി (ഫൊറൻസിക് സൈക്കോളജി)-2, അസിസ്റ്റന്റ് ഡയറക്ടർ (സേഫ്റ്റി)-2, അസിസ്റ്റന്റ് മൈനിങ് എൻജിനിയർ-3, അസിസ്റ്റന്റ് റിസർച്ച് ഓഫീസർ-1, സീനിയർ അസിസ്റ്റന്റ് കൺട്രോളർ ഓഫ് മൈൻസ്-2, എൻജിനിയർ ആൻഡ് ഷിപ്പ് സർവേയർ കം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെക്നിക്കൽ)-2, മെഡിക്കൽ ഓഫീസർ (യുനാനി)-1.

അപേക്ഷ www.upsconline.nic.in വഴി മേയ് 29 വരെ നൽകാം. വിവരങ്ങൾക്ക്: www.upsc.gov.in


Share our post
Continue Reading

Trending

error: Content is protected !!