അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ

Share our post

കോഴിക്കോട്: താമരശേരിയിൽ അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ നിലമ്പൂർ സ്വദേശി ബിനു അറസ്റ്റിൽ. താമരശേരി പി.സി മുക്കിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയെ ഇന്നലെ രാത്രിയാണ് തോക്ക് ചൂണ്ടി കൈയും, മുഖവും കെട്ടി ബന്ദിയാക്കിയത്. പൊലീസും, സുഹൃത്തുക്കളുമെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ബിനുവിനെ രാത്രി തന്നെ പൊലീസ് പിടികൂടി. പോക്സോ അടക്കമുള്ള ക്രിമിനൽ കേസുകളിൽ നേരത്തെ പ്രതിയാണ് ബിനു.

ബംഗാൾ സ്വദേശി നാജ്മി ആലം എന്ന പത്തൊമ്പതുകാരനെ വീട് വൃത്തിയാക്കുന്ന ജോലിക്കെന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ 7.30 ന് കൊണ്ടുപോയത്. ശേഷം പ്രതി ഇയാളെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ചു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ തൻ്റെ കൂടെ വരാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് പ്രതി താമരശേരി മുക്കം റോഡിലൂടെ നാജ്മി ആലത്തെ കൂട്ടി ഒരു മണിക്കൂറോളം യാത്ര ചെയ്തു. തുടർന്ന് ഒരു ബാറിലെത്തി മദ്യപിക്കാൻ നിർബന്ധിച്ചു. ഈ അവസരത്തിൽ പ്രതി ബിനുവിൻ്റെ അരയിൽ തോക്ക് ഉണ്ടായിരുന്നതായി നാജ്മി പറയുന്നു.

അവിടെ നിന്നും പുറപ്പെട്ട ശേഷം വീണ്ടും മറ്റൊരു ബാറിലെത്തി. അവിടെ നിന്നും മദ്യപിച്ച ശേഷം രണ്ടു കുപ്പി മദ്യം വാങ്ങി താമരശ്ശേരി പള്ളിപ്പുറത്തുള്ള വാടക ക്വാർട്ടേഴ്സിൽ തിരിച്ചെത്തി. അവിടെ വെച്ച് വീണ്ടും തോക്ക് ചൂണ്ടി തന്നെ കിഡ്നാപ്പ് ചെയ്തിരിക്കുകയാണ് എന്ന് പറഞ്ഞ് പ്രതിയുടെ ഫോണിൽ നിന്നും നാജ്മിയുടെ സുഹൃത്തിനെ വിളിപ്പിച്ചു. താൻ തിരിച്ചെത്തില്ലെന്നും പറയിപ്പിച്ചു.

പിന്നീട് കൈയും മുഖവും കെട്ടി റൂമിലെ നിലത്തിട്ടു. അവിടെ നിന്നും നാജ്മി തൻ്റെ ഫോണിൽ നിന്ന് കാൽ വിരൽ ഉപയോഗിച്ച് ലൊക്കേഷൻ സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. സ്ഥലം കണ്ടെത്തി സുഹൃത്തുക്കൾ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസും സുഹൃത്തുക്കളുമെത്തി ബിനുവിനെ പിടികൂടി. പ്രതിയെ മുൻപരിചയമില്ലെന്നാണ് നാജ്മി പറയുന്നത്. പക്ഷേ എന്തിനാണ് ഇയാളെ ബന്ദിയാക്കിയത് എന്നതിൽ വ്യക്തതയില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!