ഓർമയായത് തയ്യൽ തൊഴിലാളികൾക്കിടയിലെ മികച്ച സംഘാടകൻ

പേരാവൂർ: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ രൂപവത്കരിക്കുന്നതിലും മലയോര മേഖലയിൽ സംഘടനയെ കെട്ടിപ്പടുക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചിരുന്ന കെ. ഗോപാലൻ്റെ നിര്യാണം തയ്യൽ തൊഴിലാളികൾക്ക് തീരാനഷ്ടമായി. മികച്ച സംഘാടകനായിരുന്ന ഗോപാലൻ കണ്ണൂർ ജില്ലയിൽ കെ.എസ്.ടി.എ.യിലൂടെ തയ്യൽ തൊഴിലാളികൾക്ക് സുപരിചിതനാണ്. 81-ൽ എ.കെ.ടി.എ രൂപവത്കരിക്കുമ്പോൾ മലയോരത്ത് സജീവ സംഘടനാ പ്രവർത്തനം നടത്തിയവരിൽ പ്രധാനിയായിരുന്നു അദ്ദേഹം.
ചെറുപ്രായത്തിൽ തന്നെ തയ്യൽ രംഗത്ത് സജീവമായ ഗോപാലൻ പേരാവൂരിലെ സക്കീന വസ്ത്രാലയത്തിലൂടെയാണ് ടൗണിൻ്റെ ഭാഗമാവുന്നത്. പിന്നീട് ഗോപാൽ ഗാർമെൻറ്സ് ആൻഡ് ടൈലേഴ്സ് എന്ന സ്ഥാപനം തുടങ്ങുകയും നിരവധി പേർക്ക് തൊഴിൽ നല്കുകയും ചെയ്തു.
എ.കെ.ടി.എ.യുടെ പേരാവൂർ യൂണിറ്റ് പ്രസിഡൻ്റായി വർഷങ്ങളോളം പ്രവർത്തിച്ച അദ്ദേഹം ഏരിയാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് എക്സികുട്ടീവംഗമായും പ്രവർത്തിച്ച് വരികയായിരുന്നു.
ഗോപാലൻ്റെ നിര്യാണത്തിൽ വെള്ളിയാഴ്ച ഉച്ച മുതൽ കെ.വി.വി.ഇ.എസ് പേരാവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ടൗണിലെ വ്യാപാരികൾ കടകളടച്ച് ഹർത്താലാചരിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ടൗണിൽ അനുശോചന യോഗം ചേരും.