വ്യാജവാർത്ത ; ഏഷ്യാനെറ്റ്‌ സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു

Share our post

കോഴിക്കോട്‌: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസിൽ ഏഷ്യാനെറ്റ്‌ സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ്‌ എഡിറ്റർ കെ. ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്‌, ഏഷ്യാനെറ്റ്‌ ജീവനക്കാരിയായ പെൺകുട്ടിയുടെ അമ്മ, വീഡിയോ എഡിറ്റർ വിനീത്‌ ജോസ്‌, കാമറാമാൻ വിപിൻ മുരളീധരൻ എന്നിവരാണ്‌ പ്രതികൾ. ശാസ്‌ത്രീയ തെളിവുകൾ ശേഖരിച്ചശേഷമാണ്‌ ക്രൈംബ്രാഞ്ച്‌ അസി. കമീഷണർ വി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കോഴിക്കോട്‌ അഡീഷണൽ ഡിസ്‌ട്രിക്ട്‌ ആൻഡ്‌ സെഷൻസ്‌ കോടതി (പോക്‌സോ പ്രത്യേക കോടതി)യിൽ കുറ്റപത്രം സമർപ്പിച്ചത്‌.

പോക്‌സോ കേസിൽ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റ്‌ ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച്‌ വീഡിയോ നിർമിച്ചെന്നാണ്‌ കേസ്‌.ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ, വ്യാജ ഇലക്‌ട്രോണിക്‌ രേഖ ചമയ്‌ക്കൽ, തെളിവ്‌ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ്‌ കേസ്‌. പോക്‌സോ നിയമപ്രകാരവും കേസുണ്ട്‌.

ഏഷ്യാനെറ്റിന്റെ കോഴിക്കോട്‌ ബ്യൂറോയിൽ നിന്നാണ്‌ വാർത്ത ചിത്രീകരിച്ചതെന്നും ജീവനക്കാരിയുടെ മകളെ ഇതിനായി ഉപയോഗിച്ചതായും അന്വേഷകസംഘം കണ്ടെത്തി. കോഴിക്കോട്‌ ഫോറൻസിക്‌ ലാബിലെ ശാസ്‌ത്രീയ പരിശോധനയിലൂടെയാണ്‌ ഇത്‌ തെളിയിച്ചത്‌. ചിത്രീകരണ ദിവസങ്ങളിൽ കണ്ണൂർ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫും റസിഡന്റ്‌ എഡിറ്റർ ഷാജഹാനും കോഴിക്കോട്‌ ഉണ്ടായിരുന്നതായും ഫോണിന്റെ സിഡിആർ പരിശോധനയിലൂടെ കണ്ടെത്തി.

ഒക്ടോബറിലാണ്‌ ഏഷ്യാനെറ്റ്‌ വ്യാജ വീഡിയോ നിർമിച്ചത്‌. ഏഷ്യാനെറ്റ്‌ കണ്ണൂർ റിപ്പോർട്ടർ സാനിയ മയോമി യഥാർഥ ഇരയുടെ അഭിമുഖം ചിത്രീകരിച്ചതായും മൊഴിയിലുണ്ട്‌. രണ്ടാമത്‌ നിർമിച്ച അഭിമുഖത്തിൽ യഥാർഥ ഇരയ്‌ക്കുപകരം മറ്റൊരു കുട്ടിയെ ചിത്രീകരിച്ചതാണ്‌ കേസിനാധാരം. ഏഷ്യാനെറ്റ്‌ ജീവനക്കാർ ഉൾപ്പെടെ എഴുപതോളം പേരുടെ മൊഴി അന്വേഷക സംഘം ശേഖരിച്ചു. കൂടാതെ കംപ്യൂട്ടർ ഹാർഡ്‌ ഡിസ്‌കുകൾ ഉൾപ്പെടെ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും കസ്‌റ്റഡിയിലെടുത്തിരുന്നു. ഇവ ശാസ്‌ത്രീയമായി പരിശോധിച്ച ശേഷമാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. കസബ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!