കനത്തചൂട്‌: എല്ലാതരം അവധിക്കാല ക്ലാസുകളും ഒഴിവാക്കണം

Share our post

തിരുവനന്തപുരം : കനത്തചൂടിൽ എല്ലാതരം അവധിക്കാല ക്ലാസുകളും പരിശീലനങ്ങളും പൂർണമായും ഒഴിവാക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്‌. സർക്കാർ, സ്വകാര്യ, സി.ബി.എസ്‌.ഇ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, ട്യൂട്ടോറിയലുകൾ, എൻട്രൻസ്‌ പരിശീലന കേന്ദ്രങ്ങൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം ബാധകമാണ്‌. അൺഎയ്‌ഡഡ്‌ സ്കൂളുകളിലും ക്ലാസുകൾ പാടില്ലെന്നാണ്‌ നിർദേശം. അതേസമയം രാവിലെ ഏഴുമുതൽ പത്തുവരെയും വൈകുന്നേരങ്ങളിലും ക്ലാസുകൾ ആവാം. കനത്ത ചൂടിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ ക്ലാസുകൾ നടത്തുന്നത്‌ കണ്ടെത്തിയാൽ വകുപ്പുതല നടപടിക്കും ശുപാർശയുണ്ട്‌.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾവരെ പൊതു അവധിയാണ്‌. നേരത്തെ ശനിവരെ അവധി പ്രഖ്യാപിച്ച ഐ.ടി.ഐകൾക്കും അങ്കണവാടികൾക്കും ഇത്‌ ബാധകമാണ്‌. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും തിങ്കൾ വരെ ക്ലാസുകൾ ഒഴിവാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്‌. പരീക്ഷകൾക്ക് മാറ്റമില്ല. എൻസിസി, എൻ.എസ്എസ് എന്നിവയുടെ പകൽസമയത്തെ പരിശീലനം, പരേഡ്, ഡ്രിൽ എന്നിവയും ഈ സമയം പാടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!