കയറ്റവും സിഗ്നലും ഉള്‍പ്പെടെ പത്ത് മിനിറ്റ് റോഡ് ടെസ്റ്റ്, പാസായാല്‍ എച്ച്; ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം

ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ് സ്‌കൂളുകാരുടെ പ്രതിഷേധം തുടരവേ സമയവായനീക്കവുമായി മോട്ടോര്‍വാഹനവകുപ്പ്. സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മേയ് മുതല്‍ പ്രഖ്യാപിച്ചിരുന്ന പുതിയരീതിയിലെ ടെസ്റ്റിങ് രീതി തത്കാലം പിന്‍വലിച്ചിട്ടുണ്ട്. പ്രത്യക്ഷത്തില്‍ പിന്മാറ്റമെന്ന് തോന്നാമെങ്കിലും നിലവിലെ റോഡ് ടെസ്റ്റ് കടുപ്പിച്ചുകൊണ്ട് ഗതാഗതവകപ്പും തിരിച്ചടിച്ചിട്ടുണ്ട്.
ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു.), സ്‌കൂള്‍ ഉടമകളുടെ സംഘടന എന്നിവരുമായി അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷര്‍ പ്രമോജ് ശങ്കര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പങ്കെടുത്തില്ല. പരിഷ്‌കരിച്ച സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും. ഡ്രൈവിങ് സ്‌കൂളുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടാം ദിവസും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടിരുന്നു.
പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറയ്ക്കാന്‍ തീരുമാനിച്ചത് പിന്‍വലിച്ചു. പത്തുപേരെക്കൂടി അനുവദിക്കും. 25 പുതിയ അപേക്ഷകര്‍, നേരത്തേ പരാജയപ്പെട്ട 10 പേര്‍, ജോലി ആവശ്യങ്ങള്‍ക്കായി ലൈസന്‍സ് വേണ്ട അഞ്ചുപേര്‍ എന്നിങ്ങനെയാണ് അനുപാതം. 15 വര്‍ഷം കഴിഞ്ഞ ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ മാറ്റുന്നതിന് ആറുമാസവും, ഡാഷ് ബോര്‍ഡ് ക്യാമറ ഘടിപ്പിക്കുന്നതിന് മൂന്നുമാസവും സാവകാശം നല്‍കി. കേന്ദ്രനിര്‍ദേശപ്രകാരം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ ഒരുക്കുന്നതിന് മൂന്നുമാസംകൂടി അനുവദിച്ചു.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് സ്റ്റേയില്ല
ഇലക്ട്രിക്- ഓട്ടോമാറ്റിക് വണ്ടികള്‍ അനുവദിക്കാതിരിക്കല്‍, ടെസ്റ്റിന് 15 വര്‍ഷത്തില്‍ത്താഴെ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഹര്‍ജിക്കാര്‍ ചോദ്യംചെയ്തു. ഗതാഗത കമ്മിഷണറുടെ സര്‍ക്കുലര്‍ അധികാരപരിധിക്കകത്തു നിന്നുള്ളതാണെന്ന് ഇടക്കാല ഉത്തരവില്‍ പറയുന്നു. വര്‍ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടപടികള്‍ കുറ്റമറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കുലര്‍. പരിഷ്‌കരണ നടപടികള്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി വിശദവാദത്തിനായി 21-ലേക്ക് മാറ്റി.