കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പില്‍ ഒടുവില്‍ കേരളവും പെട്ടു. ആദ്യമായാണ് കേരളം ഈ മാപ്പില്‍ എത്തുന്നത്. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ ഉഷ്ണതരംഗം അനുഭവപ്പെട്ടത് അഞ്ചുദിവസമാണ്.
കടല്‍ച്ചൂടും കടല്‍ തിളച്ചുമറിയുന്ന ദിനങ്ങളും വര്‍ധിക്കുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരുംവര്‍ഷങ്ങളിലും തുടരും. കടല്‍ തിളച്ചുമറിയുന്ന ദിനങ്ങള്‍ 12 ഇരട്ടിവരെ വര്‍ധിക്കുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനില 2.7 ഡിഗ്രിവരെ വര്‍ധിച്ചേക്കാമെന്നും പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ പഠനം വ്യക്തമാക്കുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൂട് 1950 മുതല്‍ 2020 വരെയുള്ള കാലത്ത് ഒരു ദശാബ്ദത്തില്‍ 0.12 ഡിഗ്രി സെല്‍ഷ്യസ് എന്ന തരത്തില്‍ വര്‍ധിച്ചതായി പഠനം പറയുന്നു. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിന് അരികിലെ പ്രദേശങ്ങളില്‍ വലിയഭീഷണിയാണ് ഉണ്ടാക്കുന്നത്.
2020 മുതല്‍ 2100 വരെയുള്ള ഓരോ പത്തുവര്‍ഷത്തിലും 0.17 മുതല്‍ 0.38 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയില്‍ താപവര്‍ധനയുണ്ടാകും. ഇത് കടല്‍ച്ചൂട് 28.5 ഡിഗ്രി സെല്‍ഷ്യസ്മുതല്‍ 30.7 ഡിഗ്രി സെല്‍ഷ്യസ്വരെ എന്ന തരത്തിലാക്കും. സമുദ്രതാപം 28 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കെത്തുന്നത് ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വര്‍ധിപ്പിക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
നിലവില്‍ ശരാശരി 28 ദിവസമാണ് കടലിലെ താപനില പരിധിവിട്ട് ഉയരുന്നത്. ഇത് 220 ദിവസംമുതല്‍ 250 ദിവസം എന്ന തരത്തിലേക്ക് മാറും. സമുദ്രോപരിതലത്തിലെ ചൂട് അമിതമായി വര്‍ധിക്കുന്നതോടെ ഓക്‌സിജന്‍, കാര്‍ബണ്‍, പോഷകങ്ങള്‍ തുടങ്ങിയവയുടെ അടിത്തട്ടിലേക്കുള്ള കൈമാറ്റം തടയപ്പെടും.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ വര്‍ധന സമുദ്രജലത്തെ അമ്ലവത്കരിക്കുന്നത് വേഗത്തലാക്കും. ഇത് പവിഴപ്പുറ്റ് ഉള്‍പ്പെടെയുള്ളവയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റീരിയോളജിയിലെ ശാസ്ത്രജ്ഞന്‍ റോക്സി മാത്യു കോളിന്റെ നേതൃത്വത്തില്‍ ജെ.എസ്. ശരണ്യ, അതിഥി മോദി, അനുശ്രീ അശോക് എന്നിവരാണ് പഠനം നടത്തിയത്. ‘എല്‍സെവിയര്‍’ പ്രസിദ്ധീകരണമായ ‘ദി ഇന്ത്യന്‍ ഓഷ്യന്‍ ആന്‍ഡ് ഇറ്റ്സ് റോള്‍ ഇന്‍ ദി ഗ്ലോബല്‍ ക്ലൈമറ്റ് സിസ്റ്റം’ ഇരുപതാം അധ്യായമായാണ് പഠനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പഠനത്തിലെ കണ്ടെത്തലുകള്‍ ശരിവെക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ (ഇന്‍കോയ്സ്) ഓഷ്യന്‍ മോഡലിങ് അപ്ലൈഡ് റിസര്‍ച്ച് ആന്‍ഡ് സര്‍വീസസ് ഗ്രൂപ്പ് ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. ബാലകൃഷ്ണന്‍ നായര്‍ ടി.എം. പറഞ്ഞു. തെക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശക്തിയേറിയ കാറ്റ് ഏതാനും ദിവസങ്ങള്‍ക്കകം ശക്തമായ കടലാക്രമണത്തിന് വഴിയൊരുക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.