തിരഞ്ഞെടുപ്പിന് മുമ്പേ കെജ്‌രിവാൾ പുറത്തിറങ്ങിയേക്കും; ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സുപ്രീം കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
‘ഇടക്കാല ജാമ്യം നൽകും എന്ന് പറയുന്നില്ല. എന്നാൽ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യം നൽകുന്ന പരിഗണിക്കേണ്ടി വരും’ – ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. തിരഞ്ഞെടുപ്പ് എന്നാണെന്ന് ആരാഞ്ഞ കോടതി, മേയ് 23-നാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് എന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇടക്കാല ജാമ്യം സംബന്ധിച്ചകാര്യത്തിലേക്ക് കടന്നത്.
മാർച്ച് 21-നാണ് ഡൽഹിയിലെ മദ്യനയ അഴിമതിക്കേസുമായി കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ബി.ജെ.പി. രംഗത്തെത്തിയിരുന്നു. എന്നാൽ കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, ജയിലിൽ നിന്ന് ഭരണകാര്യങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് റാലികളിൽ കെജ്‌രിവാളിന്റെ അറസ്റ്റ് വൻതോതിൽ ചർച്ചയായി. കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ രാഷ്ട്രീയ രംഗത്തേക്കിറങ്ങുകയും ചെയ്തിരുന്നു.