തിരുവനന്തപുരം: പൊതുജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് മരവിപ്പിച്ച സിൽവർലൈൻ പദ്ധതിക്കുവേണ്ടി കേന്ദ്രാനുമതി ലഭിക്കും മുൻപ് സർക്കാർ പൊടിച്ചത് 70കോടി രൂപ. കഴിഞ്ഞ വർഷം മാത്രം 22.59കോടി രൂപ ചെലവിട്ടു. പദ്ധതിക്ക് ഭൂമിയേറ്റെടുക്കാൻ നാലുവർഷം മുൻപ് വിജ്ഞാപനമിറക്കിയെങ്കിലും ഒരു സെന്റുപോലും ഏറ്റെടുക്കാനായിട്ടില്ല. ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തിൽ 9.27കോടി ചെലവിട്ടു. സ്വകാര്യഭൂമിയിൽ മഞ്ഞക്കുറ്റിയിടാനുള്ള ശ്രമം ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. 955.13 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ 11 ജില്ലകളിൽ നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഓഫീസുകൾ പൂട്ടിക്കെട്ടുകയും ചെയ്തു.
പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അനുമതിക്കായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം തുടരുകയാണെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണറെയിൽവേ വ്യക്തമാക്കിയതോടെ, സിൽവർലൈനിന്റെ വഴിയടഞ്ഞ മട്ടാണ്. ഒമ്പത് ജില്ലകളിലെ 108ഹെക്ടർ റെയിൽവേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭാവിവികസനത്തിന് തടസമാകുമെന്നും നിലവിലെ ലൈനുകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് റെയിൽവേയുടെ എതിർപ്പ്. നേരത്തേ തത്വത്തിലുള്ള അനുമതി നൽകിയിരുന്നെങ്കിലും, സാമ്പത്തിക–സാങ്കേതിക സാദ്ധ്യതകൾ പരിഗണിച്ചായിരിക്കും അന്തിമാനുമതിയെന്നാണ് കേന്ദ്രനിലപാട്. പദ്ധതിരേഖയിൽ 63,940 കോടിയാണെങ്കിലും ചെലവ് 1.26 ലക്ഷം കോടിയാകുമെന്നാണ് നിതി ആയോഗിന്റെ കണക്ക്.
പുതിയ പദ്ധതികൾക്ക് പിന്നാലെ കെ- റെയിൽ
സിൽവർലൈൻ അനിശ്ചിതത്വത്തിലായതോടെ, കൽപ്പറ്റ വഴിയുള്ള തലശേരി-മൈസൂർ പുതിയ ബ്രോഡ്ഗേജ് ലൈൻ, നിലമ്പൂർ- നഞ്ചൻകോട് റെയിൽ, 27റെയിൽ ഓവർബ്രിഡ്‌ജുകൾ, ശബരി റെയിൽ തുടങ്ങിയ പദ്ധതികളുടെ കൺസൾട്ടൻസി ഏറ്റെടുത്തിരിക്കുകയാണ് കെ-റെയിൽ കോർപ്പറേഷൻ.
ഭൂഉടമകളും പ്രതിസന്ധിയിൽ
കല്ലിട്ട ഭൂമി വിൽക്കാനോ വായ്പയെടുക്കാനോ കഴിയുന്നില്ല
നിർമ്മാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ല
സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിച്ചിട്ടില്ല
30കോടിയുടെ കൺസൾട്ടൻസി
ഇതുവരെയുള്ള ചെലവുകൾ
കൺസൾട്ടൻസി——————29.30കോടി
എസ്റ്റാബ്ലിഷ്മെന്റ്—————–20.50കോടി
ലിഡാർ സർവേ——————–2.09കോടി
അതിർത്തി കല്ലിടീൽ————-1.14കോടി
മണ്ണുപരിശോധന—————-75.91ലക്ഷം
നിതി ആയോഗിന് മറുപടി—–56.64ലക്ഷം
തീരദേശ മാപ്പിംഗ്—————–49.39ലക്ഷം
പരിസ്ഥിതി ആഘാത പഠനം—-40.12ലക്ഷം
ഹൈഡ്രോഗ്രാഫിക് സർവേ—32.03ലക്ഷം
സാമൂഹ്യാഘാത പഠനം———29.85ലക്ഷം
ഗതാഗത സർവേ——————20.80ലക്ഷം
സ്റ്റേഷൻ ഡിസൈൻ————–10.58ലക്ഷം
”സിൽവർലൈൻ അടഞ്ഞ അദ്ധ്യായമല്ല. കേന്ദ്രം ആവശ്യപ്പെട്ടാൽ പദ്ധതിരേഖ പുതുക്കും.”
-കെ-റെയിൽ