‘ വാക്സിൻ എടുത്തവർ അപകടാവസ്ഥയിലല്ല, പാർശ്വഫലമുണ്ടാവുക പത്തു ലക്ഷത്തിൽ ഏഴോ എട്ടോ പേർക്ക് മാത്രം’

കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നിർമാതാക്കളായ ആസ്ട്രസെനെക്ക കമ്പനി രംഗത്തെത്തിയത് വാർത്തയായിരുന്നു. യു.കെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീൽഡ് വാക്സിൻ അപൂർവ സാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്.
ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്നാണ് കമ്പനി മറുപടി നൽകിയത്. കമ്പനിയുടെ തുറന്നുപറച്ചിൽ ആശങ്കൾക്കിടയാക്കുകയും ചെയ്തിരുന്നു. എന്നാൽ അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്നാണ് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ഗംഗാഖേഡ്കർ പറയുന്നത്. വാക്സിനെടുത്തവർ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ അവതരിപ്പിച്ച് ആറുമാസത്തിനുള്ളിൽത്തന്നെ ടി.ടി.എസ്. എന്ന അപൂർവ പാർശ്വഫലത്തേക്കുറിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴത്തേത് പുതിയ വിവരമല്ല. അടിയന്തര സാഹചര്യങ്ങളിൽ ഗുണദോഷഫലങ്ങൾ സംബന്ധിച്ച പഠനം നടത്തുകയും ഗുണവശങ്ങൾ ദോഷവശങ്ങളേക്കാൾ വളരെയധികം കൂടുതലാണെന്നും തിരിച്ചറിഞ്ഞാൽ മാത്രമേ അനുമതി നൽകുകയുള്ളൂ. ഈ കേസിലും ദോഷത്തേക്കാൾ കൂടുതൽ ഗുണമായിരുന്നു- ഡോ. രാമൻ പറയുന്നു.
യു.കെയിൽനിന്നുള്ള ജാമി സ്കോട്ട് എന്നയാളുടെ പരാതിക്കു പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. 2021 ഏപ്രിലിൽ വാക്സിൻ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്കത്തിന് തകരാർ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമി പരാതിനൽകിയത്. ഇതോടെ തനിക്ക് ജോലിക്ക് പോകാൻ കഴിയാതായെന്നും മൂന്നുതവണ താൻ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്.
തുടർന്നാണ് യു.കെ. ഹൈക്കോടതിക്ക് മുമ്പിലെത്തിയ പരാതിയിൽ വളരെ അപൂർവമായ കേസുകളിൽ ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്ന് കമ്പനി മറുപടി നൽകിയത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സാഹചര്യമാണിത്. അതേസമയം, മേൽപ്പറഞ്ഞ വാക്സിനോ മറ്റേതെങ്കിലും വാക്സിനുകളോ സ്വീകരിച്ചില്ലെങ്കിൽക്കൂടിയും ടി.ടി.എസ് ഉണ്ടാകാമെന്നും കമ്പനി പറയുകയുണ്ടായി. എന്നാൽ, വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിട്ടുണ്ട്.
എന്താണ് ടി.ടി.എസ് ?
ശരീരത്തിന്റെ ചില ഭാഗങ്ങളിൽ രക്തം കട്ടപിടിക്കുകയും ഒപ്പം പ്ലേറ്റ്ലെറ്റുകൾ അപകടകരമായ രീതിയിൽ കുറയുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. കാലുകൾ, മസ്തിഷ്കം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിൽ രക്തം കട്ടപിടിക്കാം. കടുത്ത തലവേദന, വയറുവേദന, കാലുകളിൽ വീക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.