അപകടക്കെണി വിരിച്ച് തലശ്ശേരി – വളവുപാറ കെ.എസ്.ടി.പി റോഡ്

Share our post

കൂത്തുപറമ്പ്: ഓടകൾ ഇല്ലാതെയും ഓടകളിൽ കവറിങ് സ്ലാബ് ഇല്ലാതെയും കെ.എസ്.ടി.പി റോഡ്. കോടികൾ ചെലവഴിച്ച് 10 വർഷം കൊണ്ട് നവീകരിച്ച തലശ്ശേരി – വളവുപാറ കെ.എസ്.ടി.പി റോഡിൽ പണി പൂർത്തീകരിക്കാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന ഭാഗം അപകടക്കെണിയാകുന്നു. തൊക്കിലങ്ങാടി ടൗണിൽ ഇരിട്ടി റോഡിൽ കെ.വി.സുധീഷ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഏതാണ്ട് 30 മീറ്ററോളം ദൂരം ഓടയുടെ പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല.

ഏതാണ്ട് 10 മീറ്ററോളം ദൂരത്തിൽ കോൺക്രീറ്റിൽ നിർമിച്ച സ്റ്റാൻഡേഡ് ഓട പോലും സ്ഥാപിക്കാതെ ഒഴിവാക്കിയ നിലയിലാണ്. ഇത് ഉൾപ്പെടെ 30മീറ്ററോളം ദൂരം കവറിങ് സ്ലാബ് പോലും പാകാതെ അപകട ഭീഷണിയിലാണ്. പൊതുവേ വീതി കുറഞ്ഞ ഈ ഭാഗത്ത് ടാർ റോഡ് കഴിഞ്ഞാൽ വഴിയാത്രയ്ക്കു തീരെ സൗകര്യമില്ല.

ഇവിടെ ഓട പുനർനിർമിച്ച് സ്ലാബ് പാകിയാൽ മാത്രമേ അപകടരഹിതമായി ആളുകൾക്ക് കടന്നു പോകാൻ കഴിയൂ. പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഇതിനോട് മുഖം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് എല്ലാ ഘട്ടങ്ങളിലും ബന്ധപ്പെട്ടവർ സ്വീകരിച്ചതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ചിലപ്പോൾ ഈ ഭാഗത്ത് വാഹനങ്ങൾ കൂടി പാർക്ക് ചെയ്തു കഴിഞ്ഞാൽ വഴിയാത്ര വളരെയേറെ ക്ലേശകരമാണെന്നാണു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

ഓടയും സ്ലാബും ഇല്ലാത്ത ഭാഗത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്താൽ തെന്നി ഓടയിലേക്ക് മറിഞ്ഞുവീഴുന്ന അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. തെരുവ് വിളക്കുകളുടെയും സിഗ്നലുകളുടെയും കാര്യവും ഏതാണ്ട് ഇതേ മട്ടിലാണ്. പല ഭാഗത്തും വാഹനമിടിച്ച് തകർന്നും മറ്റുമായി തെരുവ് വിളക്കുകൾ കണ്ണുചിമ്മി. ഇവയൊന്നും പുനഃസ്ഥാപിക്കാൻ ഒരു നടപടിയുമില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!