14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി

Share our post

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി ഉത്തരാഖണ്ഡ് സർക്കാർ. 1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്‌ട് പ്രകാരമാണ് നടപടിയെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കാരണമാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. ഇവയിൽ 13 എണ്ണവും പതഞ്ജലിയുടെ അനുബന്ധ സ്ഥാപനമായ ദിവ്യ യോഗ ഫാർമസിയുടേതാണ്.

സ്വസാരി ഗോൾഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസാരി പ്രവാഹി, സ്വസാരി അവലേഹ്, മുക്തവതി എക്‌സ്‌ട്രാ പവർ ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനിവതി എക്‌സ്‌ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോൾഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ് എന്നിങ്ങനെ 14 ഉൽപ്പന്നങ്ങളുടെ നിർമ്മാണ ലൈസൻസുകളാണ് റദ്ദാക്കിയത്.

നേരത്തെ പതഞ്ജലി ആയുർവേദയുടെ തെറ്റിദ്ധാരണാജനകമായ പരസ്യം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ എത്തിയിരുന്നു. സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി ബാബാ രാംദേവും ആചാര്യ ബാൽകൃഷ്ണനും മാപ്പ് പറയുകയുണ്ടായി. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയിൽ പറഞ്ഞു.

പത്രങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. ഖേദം പ്രകടിപ്പിച്ചത് മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുതെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് പത്രങ്ങളുടെ പേജുകളില്‍ നാലിലൊന്ന് വലിപ്പത്തിൽ പതഞ്ജലി നിരുപാധികം മാപ്പ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!