മുന്നറിയിപ്പില്ലാതെ കൂട്ടഅവധി, 1.88 ലക്ഷംരൂപയുടെ നഷ്ടമുണ്ടാക്കി; 14 കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടി

Share our post

തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30 തീയതികളിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിരവിഭാഗം ഡ്രൈവർമാരെ സ്ഥലംമാറ്റുകയും നാല് ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു.

യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുത്തതിനാൽ പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും കെ.എസ്.ആർ.ടി.സി. സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടും കെ.എസ്.ആർ.ടി.സിയ്ക്ക് 1,88,665 രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കർ അറിയിച്ചു.

കെ.എസ്.ആർ.ടി.സി. സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാമാർഗ്ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികൾ ഒരുതരത്തിലും അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!