ആനക്കൊമ്പ് മോഷണക്കേസ്: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കൊല്ലം : വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ നോട്ടപ്പുള്ളിയും ആനക്കൊമ്പ് മോഷണക്കേസിലെ പ്രതിയുമായ തമിഴ്‌നാട് സ്വദേശി കേരള വനം അധികൃതരുടെ പിടിയിൽ. തമിഴ്‌നാട് തെങ്കാശി വടകര മുസ്ലീം സ്‌ട്രീറ്റിൽ മസൂദ് ഔലിയ(62)യെയാണ് കഴിഞ്ഞദിവസം കാനയാർ റേഞ്ച് അധികൃതർ അറസ്റ്റ് ചെയ്‌തത്. അച്ചൻകോവിൽ വാഴപ്പെരിയാർ ഭാഗത്തുനിന്ന് രണ്ട് ആനക്കൊമ്പ് മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്നു ഇയാൾ. തമിഴ്‌നാട് കടയനല്ലൂർ വനംറേഞ്ചിൽ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ ഇയാളെ കഴിഞ്ഞ ദിവസം ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടയിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്. കാനയാർ റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
സംഭവത്തിൽ വനവിഭവ ശേഖരണ തൊഴിലാളിയായ അച്ചൻകോവിൽ ട്രൈബൽ കോളനിയിൽ രാജൻ, തെങ്കാശി വടകര മുസ്ലിം സ്‌ട്രീറ്റ് സ്വദേശികളായ സെയ്‌ദ് അംബിക, പീർ മുഹമ്മദ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ സെപ്‌തംബറിലാണ് വനത്തിൽ നിന്ന് ലഭിച്ച 14 കിലോ തൂക്കമുള്ള ആനക്കൊമ്പ് രാജൻ ഇവർക്ക് വിറ്റത്. മറിച്ചു വിൽപ്പനയിലുണ്ടായ തർക്കമാണ് സംഭവം പുറത്തറിയാൻ കാരണമായത്.
മസൂദ് ഔലിയ ആദ്യമായാണ് അറസ്‌റ്റിലാകുന്നത്. പത്തനംതിട്ട വനംകോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊട്ടാരക്കര ജയിലിൽ റിമൻഡ് ചെയ്‌തു. ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ രണ്ടിന് കോടതി പരിഗണിക്കും. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരയ പി. ലാൽകുമാർ, ആർ. വിനു, രാജേഷ്‌കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ ശ്രീജിത്ത്, സച്ചിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.