അമിത സർവീസ് ചാർജ് ഈടാക്കി ; അക്ഷയ സെന്ററിന് 5000 രൂപ പിഴ

കോഴിക്കോട്: അക്ഷയ സെന്ററില്‍ അമിത ചാർജ് ഈടാക്കിയതിന് 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ഓട്ടോ ഡ്രൈവർ റഹിമാന്‍ ബസാര്‍ ചാലക്കല്‍ ഗഫൂറിന്റെ പരാതിയിലാണ് നടപടി. ഗഫൂറിന്റെ മകള്‍ ഫാത്തിമ ഷിംന 2020ല്‍ ബിരുദ പ്രവേശനത്തിന് നല്ലളത്തെ അക്ഷയ സെന്ററില്‍നിന്നാണ് ഓൺലൈനായി അപേക്ഷ നൽകിയത്.
ഇതിന് സർവീസ് ചാർജ് ഇനത്തില്‍ 120 രൂപ അധികം വാങ്ങി. ഇത് ചോദ്യംചെയ്തപ്പോൾ ഈ സെന്ററിൽ ഇങ്ങനെയാണെന്നും തർക്കമുണ്ടെങ്കിൽ കേസ് കൊടുക്കാനും പറഞ്ഞു. ഗഫൂര്‍ സെന്ററിലെത്തി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കുകയായിരുന്നു.
വിചാരണ മൂന്ന് വർഷത്തോളം നീണ്ടു. അതിനിടെ നിരവധി തവണ അക്ഷയ സെന്റർ നടത്തിപ്പുകാർ സമവായ ചർച്ചയ്‌ക്കെത്തി. തുക മടക്കി നൽകാമെന്നും കേസ് പിൻവലിക്കണമെന്നും അഭ്യർഥിച്ചെങ്കിലും ഗഫൂര്‍ പിന്മാറിയില്ല. തുടർന്ന് 120 രൂപ ഈടാക്കിയത് അന്യായമാണെന്നും ഈ തുകയും 5000 രൂപ നഷ്ടപരിഹാരവും നൽകണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.