ഗവി യാത്രയ്ക്ക് ചിലവ് കൂടും; കെ.എസ്.ആര്‍.ടി.സി പാക്കേജില്‍ 500 രൂപ വര്‍ധനവ്

Share our post

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ ഗവി കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചിരുന്നു. അതേസമയം പുതിയ സീസണ്‍ തുടങ്ങിയതോടെ ഗവി കെ.എസ്.ആര്‍.ടി.സിപാക്കേജിന്റെ നിരക്ക് 500 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. മെയ് ഒന്ന് മുതലാണ് ഇത് നിലവില്‍ വരിക.

പത്തനംതിട്ടയില്‍ നിന്നുള്ള ട്രിപ്പിനു യാത്രാ നിരക്ക്, പ്രവേശന ഫീസ്, ബോട്ടിങ്, ഊണ് തുടങ്ങിയവ ഉള്‍പ്പെടെ നിലവില്‍ 1300 രൂപയാണ് ഈടാക്കിയിരുന്നത്. കൊച്ചുപമ്പയില്‍ 2 കിലോമീറ്റര്‍ ട്രെക്കിങ് പുതുതായി ഉള്‍പ്പെടുത്തിയതാണ് ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള കാരണം. ട്രക്കിങ്ങിന് പോകാത്തവരും പണം അടക്കണം.

കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പാക്കേജുകളില്‍ ഏറ്റവും ജനപ്രിയ പാക്കേജ് കൂടിയാണ് ഗവി. കുറഞ്ഞ കാലത്തിനിടെ ആയിരത്തോളം ട്രിപ്പുകളാണ് ഗവിയിലേക്ക് കെ.എസ്.ആര്‍.ടി.സി നടത്തിയത്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ മടങ്ങിയെത്തുന്ന രീതിയിലാണ് ട്രിപ്പുകള്‍. പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ് നിരക്ക്. അണക്കെട്ടുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് കൊച്ചുപമ്പയില്‍ ബോട്ടിങ്ങും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പരുന്തുംപാറ കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തും.

കേരളത്തിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ഗവിയിലേക്ക് ട്രിപ്പുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ മേഖലകളില്‍ നിന്നെത്തുന്നവരെ പത്തനംതിട്ടയിലെത്തിച്ച്, അടുത്തദിവസം ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുന്നത്. ഗവിയിലേക്കുള്ള യാത്രയില്‍ സീതത്തോട് കൊച്ചാണ്ടിയില്‍നിന്നാണ് കാഴ്ചകള്‍ തുടങ്ങുന്നതെന്ന് ബജറ്റ് ടൂറിസം സെല്‍ ജീവനക്കാര്‍ പറയുന്നു. പിന്നീടങ്ങോട്ട് 60 കിലോമീറ്റര്‍ വനയാത്രയാണ്. കക്കിസംഭരണി പിന്നിട്ടാല്‍ ആനക്കൂട്ടം മേഞ്ഞുനടക്കുന്ന കുന്നുകള്‍ കാണാനാകും. കാട്ടുപോത്തുകള്‍, പുള്ളിമാനുകള്‍, കടുവ, പുലി തുടങ്ങിയവയെയും യാത്രാമധ്യേ കാണാനാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!